പെരുന്നാൾ തിരക്ക്: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധിയോടനുബന്ധിച്ച് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു.
ഈദുൽ ഫിത്ർ അവധിക്കാലത്ത് 2800 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിൽ ബലിപെരുന്നാൾ അവധിക്ക് 3484 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. 1737 വിമാനങ്ങൾ കുവൈത്തിലേക്ക് വരുമ്പോൾ 1747 വിമാനം കുവൈത്തിൽനിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വരെ ഉയർന്നു.
അവധി ആഘോഷത്തിന് വിദേശത്തു പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുമാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം. ഒമ്പതു ദിവസം അടുപ്പിച്ച് അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി നിരവധി പ്രവാസികളും നാട്ടിൽ പോകുന്നുണ്ട്.
തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ കൃത്യമായ വർക്ക് പ്ലാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുംവിധം ചെക്കിങ് കൗണ്ടറുകൾ വർധിപ്പിച്ചു.
തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് വ്യോമയാന വകുപ്പ് അഭ്യർഥിച്ചു. യു.കെ, യു.എ.ഇ, തുർക്കി, ഈജിപ്ത്, അസർബൈജാൻ, ഫ്രാൻസ്, ജർമനി, ഒമാൻ, ഗ്രീസ്, ഖത്തർ, സൗദി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതിൽ അധികവും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്. നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണവും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

