കാർഷികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതി
text_fieldsകുവൈത്തിലെ ഫാമുകളിലൊന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് കാർഷികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകി. കർഷക യൂനിയൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ബിൽ സലാമ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്.
കാർഷിക മേഖലയിലെ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ പ്രത്യേക അനുമതി നൽകണമെന്ന് കുവൈത്ത് ഫാർമേഴ്സ് യൂനിയൻ മേധാവി അബ്ദുല്ല അൽ ദമാക് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിച്ചതിന് കൊറോണ എമർജൻസി കമ്മിറ്റി അബ്ദുല്ല അൽ ദമാക് നന്ദി അറിയിച്ചു. ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷിക മേഖല പ്രതിസന്ധി രൂക്ഷമാണ്. വിളവെടുക്കാൻ ആളില്ലാത്തിനാൽ കൃഷി ഉൽപന്നങ്ങൾ നശിക്കുന്ന സ്ഥിതിയുണ്ടെന്നാണ് കാർഷിക മേഖലയിൽനിന്നുള്ള റിപ്പോർട്ടുകൾ. നേരത്തേ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്.
അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക് നാട്ടിൽ പോയിട്ട് നാളേറെയായി. നേരത്തേ പോയവർക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം തിരിച്ചുവരാൻ കഴിയാത്തതാണ് തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

