സൗദിയിൽനിന്ന് തിരിച്ചുവരവിന് അനുമതി നുവൈസീബ് വഴി മാത്രം
text_fieldsകുവൈത്ത്, സൗദി അതിർത്തി ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: സൗദി, കുവൈത്ത് കര അതിർത്തി യാത്രക്കാർക്കായി തുറന്നുകൊടുത്ത ആദ്യ ദിവസം 560 വാഹനം കുവൈത്തിൽനിന്ന് പുറത്തുപോയി. ലാൻഡ് കസ്റ്റംസ് വകുപ്പ് മേധാവി മിഷാൻ അൽ അദാസ് അറിയിച്ചതാണിന്. നുവൈസീബ് വഴി 290 വാഹനങ്ങളും സാൽമി വഴി 270 വാഹനങ്ങളുമാണ് കുവൈത്ത് വിട്ടത്.
അതേസമയം, തിരിച്ചുവരവ് നുവൈസീബ് അതിർത്തി വഴി മാത്രമാണ് ഇപ്പോൾ അനുവദിക്കുകയെന്ന് അധികൃതർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ ചൊവ്വാഴ്ചയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യസുരക്ഷാ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്. അതിനിടെ, കുവൈത്തിലെ സൗദി എംബസിയിലെ വിസ സെക്ഷൻ ബുധനാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങി.

