മുത്തുവാരൽ ഉത്സവത്തിന് സമാപനം: നാടിെൻറ മുത്തുകൾക്ക് മുത്തം ചാർത്തി വരവേൽപ്
text_fieldsകുവൈത്ത് സിറ്റി: രാജ്യം അഭിമാനിക്കുന്ന പാരമ്പര്യത്തിെൻറ ഉജ്ജ്വല സ്മരണകളുണർത്തി മുത്തുവാരൽ ഉത്സവത്തിന് സമാപനം. ആഴിയുടെ ആഴങ്ങളിൽനിന്ന് വാരിയ മുത്തുകളുമായി പാരമ്പര്യത്തിെൻറ പഴമയും സാഹസികതയുടെ പെരുമയും ഉയർത്തിപ്പിടിച്ച് അവരെത്തിയപ്പോൾ തീരം ആഘോഷപ്പൊലിമയിലായി.
സാൽമിയയിലെ തീരത്ത് ആവേശച്ചാകരയായിരുന്നു. കരയിൽ കൺപാർത്തിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷപൂർവമാണ് അവരെ വരവേറ്റത്. സാൽമിയയിലെ സീ സ്പോർട്സ് ക്ലബ് ആസ്ഥാനത്ത് ഒരുക്കിയ സ്വീകരണ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് ആണ് സർക്കാറിനെ പ്രതിനിധാനംചെയ്ത് സംബന്ധിച്ചത്. മുങ്ങിയെടുത്ത് കൊണ്ടുവന്ന മുത്തുമണികൾ സംഘാംഗങ്ങൾ മന്ത്രിയെ ഏൽപിച്ചു. ഒരാഴ്ച മുമ്പാണ് 200 യുവാക്കൾ 13 ബോട്ടുകളിലായി മുത്തുവാരാൻ ആഴക്കടലിലേക്ക് പോയിരുന്നത്. തങ്ങളുടെ ഉറ്റവരെ കണ്ടപ്പോൾ കരയിൽ തടിച്ചുകൂടിയവരുടെ കണ്ണുകളിൽനിന്ന് ആനന്ദമുത്തുകൾ ഉതിർന്നുവീണു.

പാരമ്പര്യം അന്യംനിന്നുപോകാതിരിക്കാനും പുതുതലമുറക്ക് പഴമയുടെ പുതുമ അനുഭവിച്ചറിയാൻ അവസരമൊരുക്കാനുംവേണ്ടി സംഘടിപ്പിക്കുന്ന വാർഷിക മുത്തുവാരൽ ഉത്സവത്തിെൻറ ഭാഗമായി മുത്തു തേടിപ്പോയവരുടെ തിരിച്ചുവരവായിരുന്നു തീരത്ത് വികാരനിർഭരമായ രംഗങ്ങൾക്ക് വേദിയൊരുക്കിയത്. നാടൻപാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നാടിെൻറ വീരനായകന്മാരെ സ്വീകരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പാണ് മുത്തുവാരൽ ഉത്സവമാക്കി ആഘോഷിക്കാൻ തുടങ്ങിയത്. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികൾ.
അതുകൊണ്ടുതന്നെ വർഷം തോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിന് അവർ നൽകുന്ന പ്രാധാന്യവും ഏറെയാണ്. മുങ്ങൽ വിദഗ്ധരെ സ്വീകരിക്കാൻ സാൽമിയയിലെ കടൽതീരത്ത് എത്തിച്ചേർന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. എണ്ണ സമ്മാനിച്ച സമ്പന്നതയിൽ കുളിച്ചുനിൽക്കുമ്പോഴും അതിനുമുമ്പുള്ള വറുതിയുടെ കാലത്തെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ മുത്തുവാരൽ പാരമ്പര്യത്തെ മറക്കാനാവില്ലെന്ന് കരുതുന്ന പഴയ തലമുറക്കൊപ്പം പുതുതലമുറയും പങ്കുചേരുന്ന കാഴ്ചയായിരുന്നു സാൽമിയ തീരത്ത്. കടലിൽനിന്ന് മുങ്ങിയെടുക്കുന്ന മുത്തുകൾ അവർക്ക് കേവലം മുത്തുകളല്ല.
എണ്ണപ്പണക്കൊഴുപ്പിൽ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്.
എണ്ണപ്പണത്തിെൻറ കൊഴുപ്പിൽ സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടുന്നതിനുമുമ്പ് രാജ്യത്തെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായിരുന്നു മുത്തുവാരൽ. മുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാനമാർഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരൽ. അന്ന് വിപണിയിൽ ഏറെ ആവശ്യക്കാരുള്ളതായിരുന്നു കൃത്രിമത്വം തൊട്ടുതീണ്ടാത്ത ഈ മുത്തുകൾ. പിന്നീട് കൃത്രിമ മുത്തുകൾ രംഗം കൈയടക്കിയതോടെയാണ് യഥാർഥ മുത്തുകൾക്ക് ആവശ്യക്കാർ കുറഞ്ഞത്.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുഖ്യ രക്ഷാധികാരിയായി കുവൈത്ത് സീ സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നാലുമാസം നീണ്ട പാരമ്പര്യ ഉത്സവത്തിനാണ് സമാപനമായത്. അമീറിെൻറ ആശംസയും അഭിനന്ദനവും മന്ത്രി ഫാരിസ് മുത്തുവാരൽ സംഘത്തെ അറിയിച്ചു. കഴിഞ്ഞ 28നാണ് സംഘം സാൽമിയ തീരത്തുനിന്ന് ഖൈറാൻ ദ്വീപിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
