ഇസ്രായേൽ- ഇറാൻ സംഘർഷം; സമാധാന ശ്രമങ്ങൾ...
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ- ഇറാൻ സംഘർഷം ശക്തിപ്പെട്ടതോടെ സമാധാന ശ്രമങ്ങളും ചർച്ചകളും സജീവം. യുദ്ധം തുടരുന്നത് അശാന്തിയും ആൾനാശവും വർധിപ്പിക്കുകയും ലോകത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മിഡിലീസ്റ്റിൽ ഇത് വ്യാപക പ്രത്യാഘാതങ്ങളും സൃഷ്ടിക്കും.
സംഘർഷം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനവും സുരക്ഷയും നിലനിർത്താനും ഗൾഫ് രാജ്യങ്ങൾ ഏകോപനം നടത്തിവരുകയാണ്. രാഷ്ട്ര നേതാക്കളും വിദേശകാര്യമന്ത്രാലയങ്ങളും ഇതിനായി ശ്രമം നടത്തിവരുന്നു.ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ വർധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മർദ്ദത്തിനിടയിൽ കുവൈത്തും നയതന്ത്ര ഇടപെടൽ ശക്തമാക്കി. കഴിഞ്ഞ ദിവസം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി സഥിതിഗതികൾ വിലയിരുത്തി.
മിഡിൽ ഈസ്റ്റ് മേഖലയിലെ സംഭവവികാസങ്ങളും ഇറാനും ഇസ്രായേലും തമ്മിലുള്ള നിലവിലുള്ള സംഘർഷവും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും ചർച്ച നടത്തി. നേരത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും അമീർ ചർച്ച നടത്തിയിരുന്നു.
വിദേശകാര്യമന്ത്രാലയവും വിവിധ രാജ്യങ്ങളുമായും എകോപനവും നടത്തിവരുന്നു. വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയും വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ചകൾ നടത്തിവരുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) നീക്കം ആരംഭിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗവും ചേർന്നു. സംഘർഷം മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാനും ഉടനടി വെടിനിർത്താനും യോഗം ആവശ്യപ്പെട്ടു.
ചർച്ച നടത്തി കുവൈത്തും ഇറ്റലിയും
കുവൈത്ത് സിറ്റി: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും അവയുടെ ആഗോള, മേഖല പ്രത്യാഘാതങ്ങളും ചർച്ച ചെയ്ത് കുവൈത്തും ഇറ്റലിയും.
ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുമായി ഫോണിൽ ബന്ധപ്പെട്ടു സഥിതിഗതികൾ ചോദിച്ചറിഞ്ഞു.
സംയുക്ത ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും പരിശോധിച്ചു.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഖാലിദ് അൽ ജലഹ്മ ഫോണിൽ ബന്ധപ്പെട്ടു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പൂർണ സജ്ജരായി റെഡ് ക്രസന്റ് സൊസൈറ്റി
കുവൈത്ത് സിറ്റി: പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ ദേശീയവും മാനുഷികവുമായ പങ്കിനോടുള്ള അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). പൗരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനും തങ്ങൾ മുൻഗണന നൽകുന്നതായി കെ.ആർ.സി.എസ് ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗെയിംസ് വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി കെ.ആർ.സി.എസ് ഒന്നിലധികം ഫീൽഡ്, ലോജിസ്റ്റിക്കൽ നടപടികൾ സജീവമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും ജീവനക്കാരും അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകൾ സജ്ജമാണ്. വെയർഹൗസുകളിൽ ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ ഇനങ്ങളും ആവശ്യത്തിന് ഉണ്ടെന്നും അറിയിച്ചു.
സിവിൽ ഡിഫൻസുമായി സഹകരിച്ച് പ്രഥമശുശ്രൂഷ, ദുരന്ത പ്രതികരണം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയിൽ പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.