ഒാറഞ്ച് പാസ്പോർട്ട്: സർക്കാർ പിന്മാറ്റം പ്രതിഷേധത്തിെൻറ വിജയം
text_fieldsകുവൈത്ത് സിറ്റി: എമിഗ്രേഷൻ ആവശ്യമുള്ള പാസ്പോർട്ടുകൾക്ക് ഒാറഞ്ച് നിറം നൽകാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങുന്നത് പ്രവാസലോകത്തുനിന്ന് ഉൾപ്പെടെ ഉയർന്ന വ്യാപക പ്രതിഷേധത്തിെൻറ വിജയം. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പാസ്പോർട്ടിെൻറ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പ്രവാസലോകത്തുനിന്ന് ഉയർന്നത്. എമിഗ്രേഷന് പരിശോധന ആവശ്യമുള്ള (ഇ.സി.ആർ) പാസ്പോര്ട്ടുകള് ഓറഞ്ച് നിറത്തിലും എമിഗ്രേഷന് പരിശോധന ആവശ്യമില്ലാത്തവ നീല നിറത്തിലുമായിരിക്കും എന്ന പ്രഖ്യാപനം പ്രവാസികളെ വേർതിരിക്കുന്ന നിയമസംവിധാനത്തിെൻറ ഭാഗമാണെന്ന് പ്രവാസികൾ ആക്ഷേപമുന്നയിച്ചു.
സംഘടനാ ഭിന്നതകളെല്ലാം മാറ്റിവെച്ച് യോജിച്ച നീക്കവും ഇക്കാര്യത്തിൽ ഉണ്ടായി. മറ്റു രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണ് ഇൗ തീരുമാനമെന്ന് വിവിധ പ്രവാസികളും സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. എംബസി വഴിയും അധികൃതർക്ക് ട്വിറ്ററിലൂടെയും മെയിലിലൂടെയും പ്രതിഷേധം അറിയിച്ചു. സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നു. പാസ്പോർട്ട് നിറത്തിെൻറ പേരിൽ വിവേചനത്തിന് ഇരയാകുമെന്നതിനാൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കലാകും തീരുമാനത്തിെൻറ ഫലമെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടി. കുവൈത്തിൽ വിവിധ സംഘടനകൾ യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകി.
വെൽഫെയർ കേരള വിളിച്ച യോഗത്തിൽ നിരവധി സംഘടനകൾ പെങ്കടുത്തു. അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി. മുഴുവൻ സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തി പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. റിപ്പബ്ലിക് ദിനാഘോഷത്തിനിടെ എംബസി അങ്കണത്തിലും പ്രതിഷേധം അരങ്ങേറി. കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ഒാറഞ്ച് നിറമുള്ള ടീഷർട്ട് ധരിച്ചാണെത്തിയത്. പൊതുവിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസികൾ ഒറ്റക്കെട്ടായി നടത്തുന്ന പ്രതിഷേധങ്ങൾക്ക് വിജയമുണ്ട് എന്നതിെൻറ സൂചന കൂടിയാണ് സർക്കാറിെൻറ പിന്മാറ്റമെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
