പാർട്ട് ടൈം ജോലി: മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത്
text_fieldsകുവൈത്ത്സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് മറ്റു കമ്പനികളിൽ പാർട്ട് ടൈം ജോലി ചെയ്യാനുള്ള മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി. അപേക്ഷകര്‍ പബ്ലിക് അതോറിറ്റി വെബ്സൈറ്റ് സന്ദര്‍ശിച്ച് ‘ഈസിയർ സർവിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ സബ്മിറ്റ് ചെയ്യുന്ന ഫോമുകള്‍ നിലവിലെ സ്പോൺസറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാർട്ട് ടൈം ജോലി നല്കുന്ന തൊഴിലുടമയുടെ അംഗീകാരത്തിനായി ഫോര്‍വേഡ് ചെയ്യും. തുടര്‍ന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് പെർമിറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
ജോലി പെർമിറ്റ് ലഭിച്ചാൽ ദിനേന പരമാവധി നാലു മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം. മറ്റൊരു സ്ഥാപനത്തിൽ പോയോ വിദൂരമായോ ജോലി ചെയ്യാനും കഴിയും.
പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നും കണക്കു കൂട്ടുന്നു. ചെറുകിട കമ്പനികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും. പാർട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നതോടെ സ്ഥാപനങ്ങൾക്ക് ചെലവ് നിയന്ത്രണത്തിനും വരുമാനം വർധിപ്പിക്കാനും കഴിയും. കുറഞ്ഞ ശമ്പളത്തിന് ചെറുകിട ജോലിയെടുക്കുന്ന പ്രവാസികൾക്കും തീരുമാനം ഗുണം ചെയ്യും. ഇത്തരക്കാർക്ക് പാർട്ട് ടൈം ജോലിയിലൂടെ അധിക വരുമാനം നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

