പാർലമെന്റ് തെരഞ്ഞെടുപ്പ്: രണ്ടാം ദിവസം എഴുപത് പുതിയ സ്ഥാനാർഥികൾ
text_fieldsകുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് സ്ത്രീകളടക്കം 70 പുതിയ സ്ഥാനാർഥികൾ രണ്ടാം ദിവസത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു. ഇതോടെ 10 വനിതകൾ ഉൾപ്പെടെ ആകെ സ്ഥാനാർഥികളുടെ എണ്ണം 185 ആയി.
പുതിയ സ്ഥാനാർഥികളിൽ പിരിച്ചുവിട്ട സഭയിലെ ഒമ്പത് അംഗങ്ങളും ഉൾപ്പെടുന്നു. ഇതോടെ അവരുടെ ആകെ അംഗങ്ങളുടെ എണ്ണം 25 ആയി. ഏഴ് മുൻ അംഗങ്ങളും ചൊവ്വാഴ്ച പത്രിക നൽകി. മുൻ അംഗങ്ങളുടെ എണ്ണം ഇതോടെ 14 ആയി. പിരിച്ചുവിട്ട സഭയുടെ ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അൽ ഷുഹൂമി, മുൻ പ്രതിപക്ഷ എം.പിമാരായ മുബാറക് അൽ ഹജ്‌റഫ്, ഹംദാൻ അൽ അസ്മി, മർസൂഖ് അൽ ഖലീഫ എന്നിവർ മത്സര രംഗത്തുണ്ട്. 2012ലെ സഭയിൽ അംഗമായിരുന്ന വിവാദ സ്ഥാനാർഥി മുഹമ്മദ് അൽ ജുവൈഹെലും ചൊവ്വാഴ്ച പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു.
സെപ്റ്റംബർ ഏഴുവരെ രജിസ്ട്രേഷൻ സമർപ്പിക്കൽ തുടരും. 50 അംഗ പാർലമെന്റിലേക്ക് സെപ്റ്റംബർ 29നാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ദിവസത്തിന് ഏഴ് ദിവസം മുമ്പുവരെ മത്സരത്തിൽനിന്ന് പിന്മാറാം.
തെരഞ്ഞെടുപ്പ് തീയതിയായ സെപ്റ്റംബർ 29ന് എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പൊതു അവധിയായി മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു.സ്ഥാനാർഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിലെ തെരഞ്ഞെടുപ്പ് കാര്യവകുപ്പിന്റെ ആസ്ഥാനത്തിന് സമീപം മെഡിക്കൽ ക്ലിനിക് സ്ഥാപിച്ചു.
അടിയന്തരസാഹചര്യങ്ങളിൽ മെഡിക്കൽ സ്റ്റാഫും ആംബുലൻസും ഇവിടെ ലഭ്യമാകും. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മികച്ച സൗകര്യം ഒരുക്കാൻ മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബ തെരഞ്ഞെടുപ്പ് വകുപ്പിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

