പാർലമെന്റ് തെരഞ്ഞെടുപ്പ് പത്രിക നൽകിയത് 376 സ്ഥാനാർഥികൾ
text_fieldsതെരഞ്ഞെടുപ്പിൽ പത്രിക നൽകുന്ന സ്ഥാനാർഥി
കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിക്കാവുന്ന തീയതി അവസാനിച്ചപ്പോൾ 376 പേർ മത്സരരംഗത്ത്. അവസാന ദിവസമായ ബുധനാഴ്ച 26 പേർ പത്രിക നൽകി. ഒന്നാം മണ്ഡലത്തിൽനിന്ന് ആറുപേർ ബുധനാഴ്ച പത്രിക നൽകി. രണ്ടാം മണ്ഡലത്തിൽനിന്ന് എട്ടുപേരും, മൂന്ന്, നാല്, അഞ്ച് മണ്ഡലങ്ങളിൽ യഥാക്രമം രണ്ട്, ആറ്, നാല് സ്ഥാനാർഥികളും രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് 29 നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പ് സ്ഥാനാർഥിത്വത്തിനുള്ള നടപടി ആരംഭിച്ചത്. പത്തു ദിവസം പത്രിക സമർപ്പണത്തിന് സമയം അനുവദിച്ചു. തെരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പുവരെ പത്രിക പിൻവലിക്കാം. ഈമാസം 22 ആണ് ഇതിനുള്ള അവസാന ദിവസം. 29 നാണ് തെരഞ്ഞെടുപ്പ്.
പത്രിക പിൻവലിക്കാനുള്ള ദിവസം കഴിഞ്ഞതിനുശേഷമാകും മത്സരത്തിന്റെ പൂർണ ചിത്രം തെളിയുക. പിരിച്ചുവിട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും നിരവധി മുൻ എം.പിമാരും മത്സര രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇതിനാൽ കനത്ത മത്സരത്തിനാകും രാജ്യം സാക്ഷിയാകുക എന്നാണ് വിലയിരുത്തൽ. നിരവധി വനിതകളും ഇത്തവണ മത്സരരംഗത്തുണ്ട്. അതിനിടെ, മുൻ സ്പീക്കർ മർസൂഖ് അൽഗാനിം ഈ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ല. മത്സരിക്കാനില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. വികസനത്തിനും പരിഷ്കരണത്തിനും മുൻതൂക്കമുള്ള കുവൈത്ത് എന്നാണ് മത്സരരംഗത്തിറങ്ങിയവരെല്ലാം മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. കഴിഞ്ഞമാസം ആദ്യത്തിലാണ് പാർലമെന്റ് പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

