പാർലമെൻറ് കൈയേറ്റം: ജാമ്യത്തിലിറങ്ങിയ എം.പി കരടുനിയമം സമർപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റക്കേസിൽ സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങിയ ഡോ. വലീദ് അൽതബ്തബാഇ എം.പി ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് നിർദേശം സമർപ്പിച്ചു. സ്വദേശികൾക്ക് ഏജൻസി കൂടാതെ നേരിട്ട് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് കരടുനിർദേശം സമർപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ ചട്ടങ്ങളും നിയമാവലിയും പാലിച്ച് വ്യക്തികൾക്ക് നേരിട്ട് വിദേശത്തുനിന്ന് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ അനുമതി നൽകണമെന്നാണ് നിർദേശം. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും റിക്രൂട്ട്മെൻറ് ലൈസൻസ് ദുരുപയോഗം ചെയ്യുന്ന ഒാഫിസുകളെ നിലക്കുനിർത്താനും സർക്കാർ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. അൽ ദുർറ കമ്പനി രൂപവത്കരിച്ചിട്ടും ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഫീസ് കുറയാത്ത സാഹചര്യത്തിൽ ഇൗ പ്രശ്നം പരിഹരിക്കാൻ നിയമസാമാജികർ മറ്റുവഴികൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
