ഫലസ്തീനികളുടെ കണ്ണീരൊപ്പി കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രി
text_fieldsഗസ്സയിലെ കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രിയിൽ ചികിത്സക്കെത്തിയവർ
കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം ഒരു മാസം പിന്നിടവെ ദുരിതക്കയത്തിൽ കഴിയുന്ന ഫലസ്തീനികൾക്ക് ആശ്വാസമായി കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രി. ഗസ്സക്ക് തെക്ക് റഫ നഗരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് രോഗികളും പരിക്കേറ്റവരുമായ ഫലസ്തീനികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. ഇസ്രായേൽ സേനയുടെ ആക്രമണ ഭീതിയും ഒഴിപ്പിക്കൽ ഭീഷണിയും വകവെക്കാതെയാണ് ആശുപത്രി സേവനം തുടരുന്നത്.
ആക്രമണ ഭീഷണി വകവെക്കാതെ മെഡിക്കൽ സംഘങ്ങൾ തങ്ങളുടെ ജോലി തുടരുകയാണെന്ന് കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് പറഞ്ഞു. ആശുപത്രിയിൽ ആയിരങ്ങളുടെ തിരക്കാണ്. അത്യാഹിത വിഭാഗത്തിൽ 500ഓളം രോഗികളാണ് എത്തുന്നത്. ഭൂരിഭാഗവും പകർച്ചവ്യാധികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ, കുടൽ അണുബാധകൾ, വിശദീകരിക്കാനാകാത്ത കടുത്ത പനി എന്നിവ ഭൂരിപക്ഷവും അനുഭവിക്കുന്നു. വലിയൊരു മാനുഷിക ദുരന്തത്തിന്റെ മുന്നിലാണ് ഗസ്സ നിവാസികൾ എന്നും അദ്ദേഹം വിശദീകരിച്ചു.
പല ആശുപത്രികളും പ്രധാന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. 24 മണിക്കൂറും ഈ വിഭാഗങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നതിനാൽ 15 കിടക്കകൾ ഉൾപ്പെടുന്ന ജീവൻരക്ഷാ പ്രവർത്തനങ്ങളും അത്യാഹിത വിഭാഗവും റേഡിയോളജി വിഭാഗം, ഫാർമസി, ലബോറട്ടറി എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ മേഴ്സി സൊസൈറ്റിയുടെയും കുവൈത്തിലെ അഭ്യുദയകാംക്ഷികളുടെയും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെയും സഹായം കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തേ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ സേന ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ ഡോക്ടർമാരും ജീവനക്കാരും ശക്തമായി എതിർക്കുകയും ആശുപത്രി ഒഴിയില്ലെന്നും ചികിത്സ സഹായങ്ങൾ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

