ഫലസ്തീൻ ഐക്യദാർഢ്യം; ആഘോഷ പരിപാടികൾ നിർത്തിവെച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ് നടത്തുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യവുമായി കുവൈത്ത്. ഫലസ്തീൻ ജനതക്കും രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗൺസിൽ നിർദേശം നല്കി.
ഫലസ്തീന് പിന്തുണ നൽകുന്ന കുവൈത്തിന്റെ സ്ഥിരം നിലപാടിന് അനുസരിച്ചാണ് തീരുമാനമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെന്റർ അതിന്റെ എക്സ് വെബ്സൈറ്റിൽ അറിയിച്ചു.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കുവൈത്തില്‍ ഉയരുന്നത്. ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുന്നതിലും പൂർണമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അവരെ പിന്തുണക്കുന്നതിലും കുവൈത്ത് ഭരണകൂടത്തിന്റെ ഉറച്ചതും തത്ത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രിസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. അറബ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായും കുവൈത്ത് മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങൾ ഫലസ്തീൻ ജനതക്ക് നേരത്തെ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിമൻ അസോസിയേഷനുകളുടെ യൂനിയനും നിലപാട് വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് ഭക്ഷണവും വൈദ്യസഹായവും നൽകാൻ ലക്ഷ്യമിട്ടുള്ള ‘എയ്ഡ് ഫലസ്തീൻ’ കാമ്പയിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തുടക്കമിട്ടിട്ടുണ്ട്.
സാമൂഹികകാര്യ മന്ത്രാലയം അടിയന്തര ദുരിതാശ്വാസ കാമ്പയിനും ആരംഭിച്ചു. ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി മെഡിക്കൽ, സർജിക്കൽ ടീമുകൾ രൂപവത്കരിക്കാനുള്ള സന്നദ്ധത കുവൈത്ത് സർജൻസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫും ഫലസ്തീൻ ജനതക്കായി ദുരിതാശ്വാസ കാമ്പയിനുമായി രംഗത്തുണ്ട്.
പിന്തുണയുമായി സിവിൽ സൊസൈറ്റി സംഘടനകൾ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് കുവൈത്ത് സിവിൽ സൊസൈറ്റി സംഘടനകൾ. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും 40 കുവൈത്ത് സിവിൽ സൊസൈറ്റി സംഘടനകൾ രംഗത്തെത്തി.
ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനും ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതക്കും സ്വത്തിനും ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ നേരെയുള്ള നടപടികൾ, അനധികൃത കുടിയേറ്റം എന്നിവ അവസാനിപ്പിക്കണം. ഫലസ്തീൻ രണ്ട് പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതായി എൻ.ജി.ഒകൾ അനുസ്മരിച്ചു. ഫലസ്തീൻ ജനതയോടുള്ള ഇസ്രായേൽ ക്രൂരത മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

