ചെലവ് കുറഞ്ഞ ഭവനപദ്ധതി വിപുലീകരണം; 6455 വീടുകൾക്കായി അന്താരാഷ്ട്ര കമ്പനികളുമായി കരാറിലെത്തി
text_fieldsചെലവ് കുറഞ്ഞ ഭവന പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം
കുവൈത്ത് സിറ്റി: കുവൈത്തിൽ 6455 വീടുകൾ ഉൾപ്പെടുത്തി ചെലവ് കുറഞ്ഞ ഭവന പദ്ധതി വിപുലീകരിക്കുന്നു. 3345 വീടുകൾ ഉൾപ്പെടുന്ന ഒന്ന്, രണ്ട് ഘട്ടങ്ങൾ ജനുവരിയിൽ നിർമാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
ചെലവ് കുറഞ്ഞ നിർമാണ സാമഗ്രികളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി കുവൈത്തിൽ സർക്കാർ മേഖലയിലെ ആദ്യത്തെ ഭവന പദ്ധതി രൂപകൽപന ചെയ്തത് 2019ലാണ്.
200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 9800 കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്. സൽമി ഹൈവേക്ക് 16 കിലോമീറ്റർ തെക്കുഭാഗത്തായി മൊത്തം 830 ഹെക്ടറിലാണ് പദ്ധതി. 2028 ആദ്യത്തോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഭവനകാര്യ പബ്ലിക് അതോറിറ്റി ആറ് അന്താരാഷ്ട്ര കമ്പനികളുമായി കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്.
ഇതിന്റെ മൊത്തം മൂല്യം 785.3 ദശലക്ഷം ദീനാറാണ്. ഓരോ പദ്ധതിയും 1,095 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ജലസംഭരണിയും റോഡ് അടിസ്ഥാന സൗകര്യങ്ങളും ചെലവ് കുറഞ്ഞ മാതൃകയിൽ നടപ്പാക്കാനാണ് ശ്രമം.
പത്ത് പ്രാഥമിക വിദ്യാലയങ്ങൾ, ആറ് മിഡിൽ സ്കൂളുകൾ, ആറ് സെക്കൻഡറി സ്കൂളുകൾ, രണ്ട് കിന്റർ ഗാർട്ടനുകൾ, 14 മസ്ജിദുകൾ, 16 ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും വസതികൾ, ഫയർ സ്റ്റേഷൻ, ടെലിഫോൺ എക്സ്ചേഞ്ച് അടക്കം 74 പൊതുകെട്ടിടങ്ങളും പദ്ധതിയുടെ ഭാഗമായി തന്നെ ബദൽ മാതൃകയിൽ ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കും.
ഇതോടനുബന്ധിച്ച് 2,50,000 ഗാലൻ ശേഷിയുള്ള ജലസംഭരണിയും നിർമിക്കും. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ നൂതന രീതികൾ ഉപയോഗിച്ച് സാമ്പ്രദായിക രീതി ഒഴിവാക്കി കെട്ടിട നിർമാണത്തിന്റെ ചെലവ് ഗണ്യമായി കുറക്കാനാണ് ലക്ഷ്യം വെക്കുന്നത്. പിന്നീട് ഇത്തരം കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

