400ലധികം കുട്ടികൾ പങ്കെടുത്തു; ഫലസ്തീൻ കുട്ടികളുടെ ക്ഷേമത്തിനായി കുവൈത്ത് പന്തുതട്ടി
text_fields‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’ പങ്കാളികളും സംഘാടകരും
കുവൈത്ത് സിറ്റി: ഫലസ്തീനിൽ ദുരിത ജീവിതം നയിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി കുവൈത്ത് പന്തുതട്ടി. കുവൈത്തും ഐക്യരാഷ്ട്രസഭയും ചേർന്ന് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’ ഫലസ്തീൻ കുട്ടികൾക്കുള്ള പിന്തുണയായി.
വ്യാഴം, വെള്ളി ദിവസങ്ങളിലായി സുലൈബിഖാത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിലായിരുന്നു ഫുട്ബാൾ ടൂർണമെന്റ്. മുതിർന്നവരുടെയും എട്ട് മുതൽ 12 വരെ വയസ്സ് പ്രായമുള്ള കുട്ടികളുടെയും പ്രത്യേക മത്സരങ്ങൾ നടന്നു.
മത്സരത്തിൽ 400ലധികം കുട്ടികൾ പങ്കെടുത്തു. ഫലസ്തീനിലെ തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കുട്ടികളുടെ പങ്കാളിത്തം. ‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’യുടെ ഭാഗമായി അൽ ഹംറ ഷോപ്പിങ് സെന്ററിൽ ഫുട്ബാളുമായി ബന്ധപ്പെട്ട എക്സ്ക്ലൂസിവ് ഇനങ്ങളുടെ പ്രദർശനവും ലേലവും സംഘടിപ്പിച്ചു.
ഫുട്ബാൾ ടൂർണമെന്റ്, ചാരിറ്റി ലേലം എന്നിവയിൽനിന്നുള്ള വരുമാനം കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി വഴി ഫലസ്തീനിലെ കുട്ടികൾക്ക് അവശ്യസഹായം നൽകുന്നതിനായി കൈമാറും.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ, യുനെസ്കോ, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുടെ പങ്കാളിത്തത്തോടെയും കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ, ഫിഫയുടെ ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ പിന്തുണയോടെയും 11 രാജ്യങ്ങളുടെ എംബസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയുമാണ് ‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’ സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി വിവിധ പരിപാടികളും, റീട്ടെയിൽ ഗ്രാമവും ഒരുക്കി.
സംരംഭത്തിന്റെ വിജയത്തെ വിദേശകാര്യ സഹമന്ത്രിയും സംരംഭത്തിന്റെ ട്രസ്റ്റീസ് ബോർഡ് അംഗവുമായ അംബാസഡർ അബ്ദുൽ അസീസ് അൽ ജറല്ല അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

