ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച് ‘മൈനർ ബസിലിക്ക’ പദവിയിൽ
text_fieldsഔവർ ലേഡി ഓഫ് അറേബ്യ ചർച്ച്
കുവൈത്ത് സിറ്റി: അഹ്മദിയിലെ കത്തോലിക്കാ ദേവാലയമായ ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച് ‘മൈനർ ബസിലിക്ക’ പദവിയിൽ. വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടന്നു. ഇതോടെ ഗൾഫ് മേഖലയിലെ ആദ്യ മൈനർ ബസിലിക്ക എന്ന പദവി ഈ ദേവാലയത്തിന് ലഭിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അറേബ്യൻ ഉപദ്വീപിലെ സഭയുടെ ദൗത്യത്തിനും പതിറ്റാണ്ടുകളായി തുടരുന്ന വിശ്വാസയാത്രക്കുമുള്ള അംഗീകാരമാണിതെന്ന് കർദിനാൾ പറഞ്ഞു.
കുടിയേറ്റ സമൂഹങ്ങളുടെ ആത്മീയ പങ്കാളിത്തവും വിശ്വാസ സാക്ഷ്യവുമാണ് ദേവാലയത്തെ കൂടുതൽ ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മറാഫി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, ഗൾഫ് മേഖലയിലെ പുരോഹിതർ, വിശ്വാസികൾ എന്നിവരും പങ്കെടുത്തു.
1948 ഡിസംബർ എട്ടിന് ചെറിയ ചാപ്പൽ ആയാണ് ചർച്ച് ഓഫ് ഔർ ലേഡി ഓഫ് അറേബ്യ ചർച്ചിന്റെ തുടക്കം. പ്രവാസി കത്തോലിക്ക തൊഴിലാളികൾക്ക് പ്രാർഥനക്കായി 1957 ൽ കുവൈത്ത് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ ചർച്ച് നിർമിച്ചത്.
1949ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ റോമിൽ വെച്ച് ആശീർവദിച്ച ഔർ ലേഡി ഓഫ് അറേബ്യയുടെ പ്രതിമ പള്ളിയിൽ സ്ഥിതി ചെയ്യുന്നു. പതിറ്റാണ്ടുകളായി, കുവൈത്തിലും ഗൾഫിലുടനീളമുള്ള കത്തോലിക്കക്കാർക്ക് ഈ പള്ളി ആത്മീയ ഭവനമായും ഐക്യത്തിന്റെ പ്രതീകമായും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

