'ഒരുമ' പ്രവാസിക്ഷേമ പദ്ധതി: കഴിഞ്ഞ വർഷം 1.80 കോടി രൂപയുടെ സഹായധനം നൽകി
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് നടത്തുന്ന പ്രവാസിക്ഷേമ പദ്ധതിയായ 'ഒരുമ' 2020 വർഷത്തിൽ 1.80 കോടി രൂപയുടെ സഹായധനം നൽകി. കഴിഞ്ഞ വർഷം മരിച്ച 48 ഒരുമ അംഗങ്ങളുടെ ആശ്രിതർക്ക് ഒരു കോടി 40 ലക്ഷം രൂപയും ചികിത്സസഹായ ഇനത്തിൽ 80 പേർക്ക് 40 ലക്ഷം രൂപയും നൽകിയതായി ഒരുമ കേന്ദ്ര കമ്മിറ്റി യോഗം അറിയിച്ചു.
2012ൽ തുടങ്ങിയ ഒരുമ പ്രവാസിക്ഷേമ പദ്ധതി, പത്തു വർഷം പിന്നിടുമ്പോൾ ഇതിനകം 192 മരണസഹായവും 208 ചികിത്സസഹായവും നൽകാൻ സാധിച്ചു. പദ്ധതിയുടെ ഭാഗമല്ലാതിരുന്നിട്ടും 2018ലെ പൊതുമാപ്പ് കാലത്ത് 36 പേർക്ക് വിമാനടിക്കറ്റും 2019ലെ പ്രളയ ദുരിതാശ്വാസമായി 29 പേർക്ക് സഹായധനവും അനുവദിച്ചു.
എല്ലാ വർഷാവസാനവും നടത്തുന്ന അംഗത്വ കാമ്പയിൻ വഴിയാണ് ആളുകളെ പദ്ധതിയിൽ ചേർക്കുന്നത്. ഡിസംബർ 15ന് ആരംഭിച്ച 2021 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഫെബ്രുവരി 15ന് അവസാനിക്കും. ഒരുമയിൽ ഇതുവരെ ചേർന്നിട്ടില്ലാത്തവർക്ക് പുതുതായി അംഗമാവാനും നിലവിലെ അംഗത്വം പുതുക്കാനും കാമ്പയിൻ കാലയളവിൽ സാധിക്കും.
കാമ്പയിൻ കാലം കഴിഞ്ഞാൻ ഇൗ വർഷം അംഗത്വമെടുക്കാനോ പുതുക്കാനോ കഴിയില്ല. നിലവിലെ അംഗത്വം പുതുക്കാൻ രണ്ടു ദീനാറും പുതുതായി അംഗത്വമെടുക്കുന്നതിന് 2.5 ദീനാറുമാണ് നൽകേണ്ടത്. ഒരുവർഷത്തേക്കാണ് അംഗത്വം നൽകുക.
ഈ കാലയളവിനിടെ മരിക്കുന്ന അംഗങ്ങളുടെ നോമിനിക്ക് രണ്ടു ലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി ഒരുവർഷത്തിൽ കൂടുതൽ അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയുമാണ് ലഭിക്കുക.
ഹൃദയശസ്ത്രക്രിയ (ബൈപാസ്), പക്ഷാഘാതം (സ്ട്രോക്ക്) കാൻസർ, കിഡ്നി ഡയാലിസിസ് എന്നിവക്ക് 50,000 രൂപ വരെയും ആൻജിയോ പ്ലാസ്റ്റിക്ക് 25,000 രൂപ വരെയും ചികിത്സസഹായം നൽകും. കൂടാതെ ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ, ബി.ഇ.സി എക്സ്ചേഞ്ച്, മലബാർ ഗോൾഡ്, ഒാൺകോസ്റ്റ്, നാഷനൽ ലൈഫ് ആൻഡ് ജനറൽ ഇൻഷുറൻസ്, യുവർ എക്സ്പ്രസ് കാർഗോ, തക്കാര റസ്റ്റാറൻറ്, പ്രിൻസസ് ട്രാവൽസ്, അഡ്രസ് ലൈഫ് സ്റ്റൈൽ എന്നിവയിൽ ഒരുമ അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. അംഗങ്ങൾക്ക് അവരുടെ വിവരങ്ങൾ www.orumakuwait.com എന്ന വെബ്സൈറ്റിൽ അറിയാം.
ഒരുമയിൽ ചേരാനാഗ്രഹിക്കുന്നവർ കുവൈത്ത് സിറ്റി 94473617, റിഗ്ഗായ് 51502515, ഫർവാനിയ 55608126, അബ്ബാസിയ 60022820, സാൽമിയ 99853195, അബൂഹലീഫ 97220839, ഫഹാഹീൽ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

