നാല് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ‘ഒരുമ’ സഹായധനം
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കോഴിക്കോട് കുണ്ടുതോട് സ്വദേശി അൻവർ ബഷീർ, ആലപ്പുഴ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു, കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജോസഫ് ചാക്കോ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബ്ദുൽ സലീം എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്. കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് കുണ്ടുതോട് സ്വദേശി അൻവർ ബഷീറിന്റെ പേരിലുള്ള സഹായധനം നാല് ലക്ഷം രൂപ ജമാഅത്ത് ഇസ്ലാമി നിടുവാൽ യൂനിറ്റ് പ്രസിഡന്റ് എ.കെ. അബ്ദുൽനാസർ, സെക്രട്ടറി വി.ടി. അനീസ് അഹമ്മദ്, യു.കെ. ഹമീദ് മാസ്റ്റർ എന്നിവർ കുടുംബത്തിന് കൈമാറി.
കുവൈത്തിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ സ്വദേശി സ്നേഹ സൂസൻ ബിനുവിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപയുടെ സഹായധനം ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, സെക്രട്ടറി അൻവർ ഇസ്മായിൽ, ഏരിയ ഒരുമ കോഓഡിനേറ്റർ ആസിഫ് ഖാലിദ്, സലിം എന്നിവർ അബ്ബാസിയയിൽ അവരുടെ കുടുംബത്തെ സന്ദർശിച്ചു കൈമാറി. നാട്ടിൽ മരണപ്പെട്ട കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബ്ദുൽ സലീമിന്റെ പേരിലുള്ള സഹായധനം രണ്ട് ലക്ഷം രൂപ സാമൂഹിക പ്രവർത്തകൻ ഷംസീർ ഉമ്മർ കുടുംബത്തിന് കൈമാറി.
നാട്ടിൽ മരണപ്പെട്ട കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജോസഫ് ചാക്കോയുടെ പേരിലുള്ള നാല് ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയതായും ഒരുമ ട്രഷറർ അൽത്താഫ് അറിയിച്ചു. കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെയാണ് ധനസഹായം നൽകുന്നത്. കാന്സര്, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് എന്നി ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. എല്ലാവർഷവും നവംബർ, ഡിസംബർ മാസങ്ങളിലാണ് ഒരുമ മെബർഷിപ് കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

