പിതൃ അമീറിെൻറ സ്മരണയിൽ ഒരു ഒാർമദിനം കൂടി...
text_fieldsകുവൈത്ത് സിറ്റി: പിതൃ അമീർ ശൈഖ് സഅദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹിെൻറ ഓർമദിനം ഒരിക്കൽകൂടി കടന്നുവരുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്മരിക്കുകയാണ് കുവൈത്തി ജനത. പിതൃ അമീർ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് സഅദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹ് മരിച്ചിട്ട് ഇന്നേക്ക് ഒമ്പതു വർഷം പൂർത്തിയാകുന്നു.
ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം. കുവൈത്തിെൻറ 14ാം ഭരണാധികാരിയും സ്വാതന്ത്ര്യത്തിെൻറയും ഭരണഘടനയുടെയും പിതാവെന്നും അറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്ല അൽ സാലിമിെൻറ മൂത്തമകനാണ് ശൈഖ് സഅദ് അൽ അബ്ദുല്ല. 2008 മേയ് 13നാണ് ശൈഖ് സഅദ് ഇഹലോകവാസം വെടിഞ്ഞത്. സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കിയപ്പോൾ കുവൈത്തിെൻറ കിരീടാവകാശിയായിരുന്നു അദ്ദേഹം. മാതൃരാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് അന്നത്തെ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് കരുത്തുനൽകി.
നയതന്ത്രനീക്കങ്ങളുടെ ചുക്കാൻ പിടിച്ചത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സഅദ് അൽ അബ്ദുല്ല അൽസാലിം അസ്സബാഹ് ആയിരുന്നു. 1930ൽ ജനിച്ച ശൈഖ് സഅദ് അൽ മുബാറകിയ സ്കൂളിലും സാൻഡ് ഹസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1962ൽ ആഭ്യന്തര മന്ത്രിയായി ഭരണരംഗത്തേക്ക് കടന്ന അദ്ദേഹം 1978ൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി നിയോഗിക്കപ്പെട്ട ശേഷം 2003 വരെ ഇരു പദവികളിലും തുടർന്നു.
ഇതിനിടെ, 11 മന്ത്രിസഭകളിലായി നിരവധി പദവികൾ അദ്ദേഹം വഹിച്ചു. ഈ കാലയളവിലാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് കുവൈത്ത് ചുവടുവെച്ചത്. പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും സ്ഥാനങ്ങൾ വിഭജിച്ചപ്പോൾ 2003ൽ പ്രധാനമന്ത്രി പദവി ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിന് കൈമാറി ശൈഖ് സഅദ് കിരീടാവകാശിയുടെ സ്ഥാനത്ത് തുടർന്നു. 2006ൽ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ വേർപാടിനെ തുടർന്ന് 14ാമത് അമീറായി അവരോധിക്കപ്പെട്ടു. എന്നാൽ, അനാരോഗ്യം കാരണം ദിവസങ്ങൾക്കകം സ്ഥാനമൊഴിഞ്ഞ അദ്ദേഹം പിന്നീട് പിതൃ അമീർ എന്ന പേരിലാണ് അറിയപ്പെട്ടത്. രാജ്യനിവാസികൾ ഏറെ വൈകാരികതയോടെയാണ് പിതൃ അമീറിനെ സ്മരിക്കുന്നത്.
രാജ്യത്തിെൻറ വികസനത്തിന് നേതൃത്വം നൽകുന്നതിലും ലോകവേദികളിൽ യശസ്സുയർത്തുന്നതിനും കഠിനാധ്വാനം ചെയ്ത അദ്ദേഹം രാജ്യത്തിെൻറ സുരക്ഷക്കും പ്രതിരോധത്തിനും ആവശ്യമായ ഏറെ മുൻകരുതലുകൾ എടുക്കുന്നതിനും മുന്നിൽനിന്നു. രാജ്യത്തിെൻറ മാനുഷിക വിഭവങ്ങളുടെ വളർച്ചയിൽ പ്രത്യേക ശ്രദ്ധചെലുത്തിയ ഭരണാധികാരികൂടിയായിരുന്നു ശൈഖ് സഅദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹ്. ജനങ്ങളുമായി ഇടക്കിടെ മുഖാമുഖത്തിന് അവസരമൊരുക്കുക അദ്ദേഹത്തിെൻറ പതിവായിരുന്നു.
അധിനിവേശ കാലത്ത് ജനങ്ങളുടെ അവസ്ഥയറിയാൻ എല്ലാ തിങ്കളാഴ്ചയും അദ്ദേഹം ഇത്തരം മുഖാമുഖം നടത്തിയിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ ഏറെ പ്രിയങ്കരനുമാണ് കുവൈത്ത് ജനതക്കിടയിൽ അദ്ദേഹം. അറബ് മേഖലയിലെയും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലെയും ഭരണാധികാരികളുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അധിനിവേശത്തിെൻറ പ്രതിസന്ധി ഘട്ടങ്ങളിൽ വിമോചനശ്രമങ്ങൾക്ക് കരുത്തുപകർന്ന് ശക്തനായ ഭരണാധികാരിയാണെന്ന് തെളിയിച്ച ശൈഖ് സഅദ് അതോടൊപ്പംതന്നെ രാജ്യനിവാസികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജനകീയ പ്രതിച്ഛായയും നേടിയ വ്യക്തിയാണ്.
മാതൃവഴിക്ക് ഇന്ത്യയുമായി കുടുംബബന്ധമുള്ള ശൈഖ് സഅദ് അൽഅബ്ദുല്ല അൽസാലിം അസ്സബാഹ് ഇന്ത്യൻ പ്രവാസി സമൂഹത്തോട് ഏറെ വാത്സല്യം പുലർത്തിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു. അവസാനനാളിൽ അദ്ദേഹം ഏറെ നാളുകൾ ചെലവഴിച്ചത് ന്യൂഡൽഹിയിലെ വീട്ടിലായിരുന്നുവെന്നതും ഇന്ത്യയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധമാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
