ഓപറേഷൻ സിന്ദൂർ; നിലപാട് വ്യക്തമാക്കി ഇന്ത്യൻ പ്രതിനിധി സംഘം
text_fieldsഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം മസ്ജിദുൽ കബീറിൽ
കുവൈത്ത് സിറ്റി: പഹൽഗാം ഭീകരാക്രമത്തെത്തുടർന്നുള്ള ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ നിലപാട് വിശദീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം കുവൈത്തിലെത്തി. തിങ്കളാഴ്ച രാവിലെ കുവൈത്തിലെത്തിയ സംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി പ്രതിനിധികളും സ്വീകരിച്ചു.
ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു. നിഷികാന്ത് ദുബെ, ഫാങ്നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുള്ളവർ.
ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യസഹമന്ത്രിയുമായ ഷെരിദ അൽ മൗഷർജിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അൽ മൗഷർജിയുമായി സംഘം കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു.
ഭീകരതക്കെതിരായ ക്ഷമാരഹിതമായ നിലപാട് ഇരുപക്ഷവും കൂടിക്കാഴചയിൽ വ്യക്തമാക്കി. രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരാത്മാക്കളെ ആദരിച്ചുകൊണ്ട് സർവകക്ഷി പ്രതിനിധി സംഘം ഇന്ത്യൻ എംബസിയിലെ ശിലാഫലകത്തിൽ പുഷ്പാർച്ചന നടത്തി. കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുൽ കബീർ സംഘം സന്ദർശിച്ചു. ചൊവ്വാഴ്ചയും കുവൈത്തിൽ തുടരുന്ന സംഘം രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും. കുവൈത്ത് സർക്കാറിലെ മുതിർന്ന വിശിഷ്ട വ്യക്തികൾ, സിവിൽ സമൂഹത്തിലെ പ്രമുഖർ, മാധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കിയാണ് കുവൈത്തിലെത്തുന്നത്. കുവൈത്ത് സന്ദർശന ശേഷം സംഘം സൗദിയിലേക്കും തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

