വീണ്ടും ഓൺലൈൻ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് 3000 ദീനാര്‍
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് 3000 ദീനാര്‍ നഷ്ടമായി. കഴിഞ്ഞ ദിവസമാണ് പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി അധികൃതർക്ക് പരാതി ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചയാള്‍ ഒ.ടി.പി ആവശ്യപ്പെടുകയും ബാങ്കിലെ പണം നഷ്ടപ്പെടുകയായിരുന്നു.
ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടതോടെ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ അദ്ദേഹം ഹവല്ലി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം ക്രെഡിറ്റായ അക്കൗണ്ട് ഹോള്‍ഡര്‍ രാജ്യം വിട്ടതായി കണ്ടെത്തി.
രാജ്യത്ത് സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമാണ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നെന്ന തരത്തിൽ വിശ്വസനീയ രൂപത്തിൽ സന്ദേശം അയച്ചും ഫോൺ വിളിച്ചുമാണ് പണം കൈക്കലാക്കുന്നത്. ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിൽ ഫോൺ വിളിക്കലും പിഴ അടക്കാൻ ആവശ്യപ്പെടലുമാണ് ഒരു രീതി. വിവിധ ലിങ്കുകൾ അയച്ച് ഒ.ടി.പി കരസ്ഥമാക്കി പണം തട്ടുന്ന രീതിയും ഉണ്ട്.
കുവൈത്ത് പൊലീസിന്റെ വേഷത്തിൽ വാട്സ് ആപ്പിൽ വിഡിയോ കാൾ ചെയ്ത് അടുത്തിടെ നിരവധി പേരിൽ നിന്നാണ് പണം തട്ടിയത്. പണം നഷ്ടപ്പെടുന്നതോടെയാണ് പലർക്കും തട്ടിപ്പ് മനസ്സിലാകുക.
തട്ടിപ്പുകൾ ഏറിയതോടെ സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ അടുത്തിടെ വെർച്വൽ റൂം (അമാൻ) സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വഞ്ചനക്കെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പു നൽകുന്നുമുണ്ട്. ഓൺലൈൻ വഴിയുള്ള സാമ്പത്തിക കൈമാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസവും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

