വാതിലുകൾ തുറന്ന് കുവൈത്ത്; ജി.സി.സി വിസയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് ഒരുവർഷ മൾട്ടിപ്പിൾ എൻട്രി
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി വിസയുള്ളവർക്ക് കുവൈത്തിൽ ഓൺഅറൈവൽ വിസക്കൊപ്പം ഒരു വർഷ മൾട്ടിപ്പ്ൾ എൻട്രിയും. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയിലാണ് ഈ ഓപ്ഷൻ. ഒരുവർഷ മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ പ്രത്യേക പ്രഫഷനലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്.
ഒരുവർഷ മൾട്ടിപ്പ്ൾ എൻട്രി ബിസിനസ് വിസക്ക് അതത് ബിസിനസ് സ്ഥാപനങ്ങൾ വഴി അപേക്ഷിക്കണം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിച്ച് അഞ്ചുമിനിറ്റിനകം രണ്ടു വിഭാഗങ്ങളിലും ഇ-വിസ ലഭിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണം.
നിയമ മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാർ, പ്രോസിക്യൂട്ടേഴ്സ്, അഭിഭാഷകർ, ബിസിനസ്മാൻ, മാനേജർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നയതന്ത്രജ്ഞർ, യൂനിവേഴ്സിറ്റി പ്രഫസർമാർ, സ്ഥാപന ഷെയർഹോൾഡർമാർ, ഡയറക്ടർമാർ, എൻജിനീയർ, കൺസൽട്ടന്റുകൾ, മാധ്യമപ്രവർത്തകർ, സിസ്റ്റം അനാലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാം രംഗത്തുള്ളവർ, പൈലറ്റുകൾ എന്നിവർക്കാണ് ഒരു വർഷ മൾട്ടിപ്പ്ൾ എൻട്രിയോടെ ടൂറിസ്റ്റ് വിസ ലഭിക്കുക. ഒരു എൻട്രിയിൽ പരമാവധി ഒരു മാസമാണ് കുവൈത്തിൽ താങ്ങാനാകുക. 15 ദീനാറാണ് ഒരു വർഷത്തെ വിസ ഫീസ്.
ജി.സി.സി പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസയും നിലവിലുണ്ട്. ജി.സി.സി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ ലഭിക്കും. സിംഗ്ൾ എൻട്രിയായി ഒരുമാസം വരെ ഈ വിസയിൽ കുവൈത്തിൽ കഴിയാം.
എളുപ്പത്തിൽ ഇ-വിസക്ക് അപേക്ഷിക്കാം
‘കുവൈത്ത് വിസ’ എന്ന കുവൈത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി എളുപ്പത്തിൽ വിസകൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റിൽ വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയും, ബിസിനസ് യാത്രക്കാർക്ക് ബിസിനസ് വിസയും, കുടുംബാംഗങ്ങളെ ക്ഷണിക്കുന്ന പ്രവാസികൾക്ക് ഫാമിലി വിസ ഓപ്ഷനും ലഭ്യമാണ്. അപേക്ഷകർക്ക് ആവശ്യമുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും പൂരിപ്പിക്കണം. തുടർന്ന് ആഭ്യന്തര മന്ത്രാലയം പോർട്ടലിൽ ലോഗിൻ ചെയ്യാൻ ആവശ്യമായ ഒ.ടി.പികൾ അയക്കും. വിസ അംഗീകരിക്കപ്പെട്ടാൽ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
തുടർന്ന് അംഗീകൃത ഇ-വിസ ഡൗൺലോഡ് ചെയ്ത്, യാത്രയ്ക്കിടെ പാസ്പോർട്ടിനൊപ്പം പ്രിന്റ് ചെയ്തോ ഡിജിറ്റൽ രൂപത്തിലോ കൈവശം വെക്കണം. രാജ്യത്തേക്കുള്ള യാത്ര സുഗമവും തടസ്സരഹിതവുമാക്കാനാണ് ഇ-വിസ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതര് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

