സാഹോദര്യത്തിന്റെ മാധുര്യമറിയാൻ പ്രവാസിയാവണം
text_fieldsഅനാവശ്യ വിഷയങ്ങൾ ഉയർത്തി വിവാദങ്ങൾ സൃഷ്ടിച്ചു മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്താനും അകറ്റിനിർത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നത് അസ്വസ്ഥതയോടെയും ഭയത്തോടെയും നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. സ്കൂളിലേക്ക് തലയിൽ തട്ടമിട്ടു വന്നത് മുതൽ, ലവ് ജിഹാദും വാവർ സ്വാമിയും ബിരിയാണിയും മന്തിയും ഷവർമയുമടക്കം വിവാദങ്ങളാക്കി സമൂഹത്തിൽ വർഗീയ വിഷം നിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ പല ദുഷ്കേന്ദ്രങ്ങളിൽനിന്നും ബോധപൂർവം ഉയർന്നുവരുന്നു.
ഇതിനുപിറകെ സോഷ്യൽ മീഡിയകളിൽ മോശം പരാമർശങ്ങളുമായി കളം നിറയുന്നു. തെല്ലും ലജ്ജയില്ലാതെ, യാതൊരു പരസ്പര ബഹുമാനമില്ലാതെ ഇവ തുടരുന്നു.
ഇവിടെയാണ് പ്രവാസികൾക്കിടയിലെ സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും വർത്തമാനങ്ങൾ അഭിമാനപൂർവം പറയാൻ സാധിക്കുന്നത്. ഒരേ റൂമിൽ അന്തിയുറങ്ങിയും ഊഴമനുസരിച്ചു ഭക്ഷണം പാകം ചെയ്തു വിളമ്പിയും ഒരേ സ്നേഹത്തളികയിൽനിന്ന് ഉണ്ടും കുടിച്ചും സന്തോഷവും സന്താപവും പങ്കുവെച്ചും സ്നേഹത്തോടെ പ്രവാസികൾ കഴിയുന്നു.
ഒരേ റൂമിൽ നമസ്കാരവും പൂജയും എല്ലാം നടക്കും. ഗീതയും ബൈബിളും ഖുർആനും ഒരേ ഷെൽഫിൽ സൂക്ഷിക്കും. കൂട്ടത്തിൽ ഒരാൾക്ക് രോഗം വന്നാൽ അച്ഛനായും അമ്മയായും കൂട്ടിരിക്കും. എല്ലാ മതാഘോഷവേളകളിലും പ്രവാസികൾ പരസ്പരം ഒത്തുകൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു.
ഇന്ത്യക്കാരനും പാകിസ്താനിയും ചൈനക്കാരനും നേപ്പാളിയും ബംഗാളിയും ഒരേ ജോലിസ്ഥലത്ത് ഒരുമയോടെ ജോലിചെയ്യുന്ന കാഴ്ചകളും പ്രവാസികൾക്ക് പുതുമയല്ല. മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചുള്ള സ്നേഹവും സൗഹാർദവും ആസ്വദിക്കാൻ ഒരു പ്രവാസിയാവണം. നാട്ടിലെ ഒരു ചെറുവിഭാഗം കുടില മനസ്കർക്ക് കണ്ണുതുറക്കുന്നതാവട്ടെ പ്രവാസത്തിലെ ഈ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

