വീണ്ടും വഴിമുട്ടി ഇന്ത്യൻ വീട്ടുജോലിക്കാരുടെ മടക്കം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പലവട്ടം തീയതി നിശ്ചയിച്ചിട്ടും പല കാരണങ്ങളാൽ നീണ്ടുപോവുന്നു. ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടിന് മാസത്തിലേറെ പഴക്കമുണ്ട്. ഡിസംബർ ഏഴിന് ആദ്യ വിമാനമുണ്ടാവുമെന്ന് ഒൗദ്യോഗികമായി അറിയിക്കുകയും പിന്നീട് 14ലേക്കു മാറ്റിവെക്കുകയും ചെയ്തെങ്കിലും ആദ്യവിമാനം ഇതുവരെ എത്തിയില്ല. ഇപ്പോൾ എല്ലാ തടസ്സവും നീങ്ങി ആദ്യ വിമാനം ഡിസംബർ 23 ബുധനാഴ്ച എത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചിട്ടത്. ഇനി എന്ന് സാധ്യമാവുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ജനുവരി ഒന്നുവരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളതെങ്കിലും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അന്തർദേശീയ സാഹചര്യങ്ങൾ വിലയിരുത്തി ഇത് നീട്ടാനും സാധ്യതയുണ്ട്. മാസങ്ങളായി നാട്ടിലുള്ള തൊഴിലാളികൾക്ക് തിരിച്ചുവരവ് അത്യാവശ്യമാണ്.
ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്ക് ഉള്ള വരുമാനംകൂടി നിലച്ച സാഹചര്യമാണ്. കുവൈത്തിലാണെങ്കിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷവുമാണ്. ഇന്ത്യൻ വിമാനക്കമ്പനികൾക്കും അവസരം നൽകണമെന്ന ആവശ്യത്തിൽതട്ടിയാണ് നേരേത്ത തൊഴിലാളികളുടെ മടക്കം മാറ്റിവെക്കേണ്ടിവന്നത്. ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പുകൾ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിദിനം 400 പേരെ കൊണ്ടുവരാനാണ് ധാരണ.
ഇതിൽ 200 സീറ്റ് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവക്കാണ്. തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയാക്കിയിരുന്നു. ക്വാറൻറീൻ കേന്ദ്രങ്ങളും സജ്ജമാണ്.
ബിനീദ് അൽ ഗാർ, കുവൈത്ത് സിറ്റി, ഫിൻതാസ്, സാൽമിയ, ഫർവാനിയ, മഹബൂല, അബൂഹലീഫ തുടങ്ങി സ്ഥലങ്ങളിൽ ഹോട്ടലുകളും അപ്പാർട്മെൻറുകളും എടുത്താണ് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

