ഒമിക്രോൺ: തൽക്കാലം ലോക്ഡൗണിന് പദ്ധതിയില്ല –ആരോഗ്യ മന്ത്രാലയം
text_fieldsഡോ. ഖാലിദ് അൽ ജാറുല്ല
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെങ്കിലും തൽക്കാലം കുവൈത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏഴിന പദ്ധതിയാണ് തൽക്കാലം തുടരുക. കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചതാണ് ഇക്കാര്യം.അടച്ചിട്ട സ്ഥലങ്ങളിലും ആളുകൾ കൂടുന്നയിടങ്ങളിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുക, ഫീൽഡ് പരിശോധന ശക്തമാക്കുക, വാക്സിനെടുക്കാൻ ബോധവത്കരണം ശക്തമാക്കുക, യാത്രകൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുക, ഫീൽഡ് വാക്സിനേഷൻ, പരിശോധന കാര്യക്ഷമമായി തുടരുക, കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വാക്സിനേഷനും പി.സി.ആർ പരിശോധനയും ഉൾപ്പെടെ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇപ്പോഴുള്ള പദ്ധതികൾ.അതേസമയം, വൈറസ് വ്യാപനം ശക്തമായാൽ കൂടുതൽ നടപടികൾ സ്വീകരിക്കും.ബ്രിട്ടൻ ഉൾപ്പെടെ രാജ്യങ്ങളിൽ കോവിഡ് ബാധിതർ ഉയരുകയാണ്.കുവൈത്തിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വർധനയുണ്ട്. ഒരു ഒമിക്രോൺ കേസ് മാത്രമേ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്ന ഇയാൾ പുറത്തുള്ളവരുമായി ബന്ധം പുലർത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

