ഒമിക്രോൺ: 20 ശതമാനം പേർ വിമാന ടിക്കറ്റ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ഒമിക്രോൺ വൈറസ് വകഭേദം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് 20 ശതമാനം യാത്രക്കാർ വിമാന ടിക്കറ്റ് റദ്ദാക്കി. ഇതിൽ അവധിക്ക് നാട്ടിൽ പോകാനിരുന്ന വിദേശികളും വിനോദ സഞ്ചാര, ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്ത് പോകാനിരുന്ന കുവൈത്തികളും ഉണ്ട്. അത്യാവശ്യമല്ലാത്ത രാജ്യാന്തര യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദേശമാണ് കുവൈത്തികൾ യാത്ര മാറ്റിവെക്കാൻ പ്രേരണയായത്.
തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദേശികളെ അവധി മാറ്റിവെക്കാൻ പ്രേരിപ്പിച്ചു. കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധനയുണ്ടായി. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ദിവസങ്ങളിൽ കുതിച്ചുയർന്ന നിരക്ക് ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. നാട്ടിലുള്ള വിദേശികൾ എത്രയും വേഗം തിരിച്ചുവരാൻ ശ്രമിക്കുന്നത് ഉപയോഗപ്പെടുത്തിയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയത്. രണ്ടും മൂന്നും വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന പ്രവാസികളും അനിശ്ചിതാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വൈറസ് വകഭേദം കണ്ടെത്തിയ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കുവൈത്ത് വാണിജ്യവിമാന സർവിസ് വിലക്കിയിട്ടുണ്ട്.
കൂടുതൽ രാജ്യങ്ങളിൽ പടരുന്നതിനനുസരിച്ച് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയും വിപുലപ്പെടുത്തും. തുർക്കി, ഇൗജിപ്ത്, ബ്രിട്ടൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പുതുവത്സരാവധിക്ക് പോകാനിരുന്ന കുവൈത്തികൾ ടിക്കറ്റ് റദ്ദാക്കി. ഇത് ട്രാവൽ മേഖലയെ ബാധിക്കും. ദീർഘനാളത്തെ യാത്രാനിയന്ത്രണങ്ങൾ തളർത്തിയ ട്രാവൽ, ടൂറിസം മേഖല പതിയെ പച്ചപിടിച്ചുവരുന്നതിനിടയിലാണ് ഒമിക്രോൺ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുവൈത്ത് കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അത് ഇപ്പോഴത്തെ കാര്യമാണ്. വൈറസ് വ്യാപിക്കുകയും കുവൈത്തിൽ എത്തുകയും ചെയ്താൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

