ഒമാനിലെ ജബൽ അഖ്ദർ മലനിരകളിൽ ഇനി പൂക്കാലം
text_fieldsമസ്കത്ത്: വസന്തകാലത്തിെൻറ വരവറിയിച്ച് ജബൽ അഖ്ദർ മലനിരകളിൽ പനിനീർ പൂക്കൾ വിരിഞ്ഞുതുടങ്ങി. ഇവിടത്തെ കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പനിനീർ പൂക്കൾ തോട്ടങ്ങളിലും വീട്ടുമുറ്റത്തുമെല്ലാം പൂത്തുനിൽക്കുന്ന മനോഹരകാഴ്ച ആസ്വദിക്കാൻ ഇനി സഞ്ചാരികൾ എത്തിത്തുടങ്ങും. പനിനീർപൂവിന് പിന്നാലെ മറ്റ് വിളകളും വൈകാതെ പൂവിടാനും കായ്ക്കാനും ആരംഭിക്കും. വേനൽചൂടിൽ നിന്നുള്ള ആശ്വാസത്തിനൊപ്പം കണ്ണും കരളും കുളിർപ്പിക്കുന്ന മനോഹര കാഴ്ചകളാകും വരുംമാസങ്ങളിൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യമാവുക. മസ്കത്തിൽനിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ജബൽഅഖ്ദറിൽ ഗൾഫ് മുഴുവൻ വേനൽചൂടിൽ കത്തിയാളുന്ന മാസങ്ങളിൽ സുഖകരമായ കാലാവസ്ഥയാണ്
അനുഭവപ്പെടുക. തണുപ്പുകാലങ്ങളിൽ പൂജ്യം ഡിഗ്രിക്ക് താഴെ വരാറുള്ള ഇവിടെ മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള വേനൽകാലത്ത് 25 ഡിഗ്രിക്കും 35 ഡിഗ്രി സെൽഷ്യസിനുമിടയിൽ ചൂടാണ് അനുഭവപ്പെടാറുള്ളത്.
ജബൽഅഖ്ദറിലെ കാർഷിക സീസണ് തുടക്കംകുറിച്ച് ‘മൗണ്ടൻ റോസ്’ എന്നറിയപ്പെടുന്ന പനിനീർപൂക്കളാണ് ആദ്യം വിരിയുക. മാർച്ച് അവസാനവാരം മുതലാണ് ഇതിെൻറ തോട്ടങ്ങളിൽ പൂക്കൾ മൊട്ടിട്ടു തുടങ്ങുന്നത്. ഏപ്രിലോടെ തോട്ടങ്ങളിൽ പൂക്കൾ വ്യാപകമായി വിരിയും. നിലവിൽ ഏഴ് ഏക്കറിലായി 5000 പനിനീർ ചെടികളാണ് ജബൽ അഖ്ദറിൽ ഉള്ളതെന്ന് കാർഷികവകുപ്പ് ഡയറക്ടർ സാലിം ബിൻ റഷീദ് അൽ തൂബി പറഞ്ഞു. ഇൗ പൂക്കളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള റോസ്വാട്ടർ അന്താരാഷ്ട്ര വിപണികളിലടക്കം ഏറെ ആവശ്യക്കാരുള്ളതാണ്. മാതളമാണ് ഇവിടത്തെ മറ്റൊരു പ്രധാന വിള. ഏപ്രിൽ പകുതിയോടെ പൂവിടുന്ന മാതള മരങ്ങളിൽ ആഗസ്റ്റ് പകുതി മുതൽ ഒക്ടോബർ അവസാനം വരെയാണ് പഴങ്ങളുണ്ടാവുക. ഏറെ സ്വാദേറിയതയാണ് ജബൽ അഖ്ദറിൽ വിളയുന്ന മാതള പഴങ്ങൾ. ജി.സി.സി രാഷ്ട്രങ്ങളിലും വിപണിയുള്ളതാണ് ഇവിടത്തെ മാതളപഴങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.