എണ്ണ ഉൽപാദനം ജനുവരിയിൽ അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: ഒപെക്, നോൺ ഒപെക് കൂട്ടായ്മ പെട്രോളിയം ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കാൻ തീരുമാനിച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലാണ് ജനുവരി ഒന്നുമുതൽ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിലെ ധാരണ പ്രകാരം പ്രതിദിനം 7.7 ദശലക്ഷം ബാരൽ ഉൽപാദനം നിയന്ത്രിച്ചത് ജനുവരി മുതൽ 7.2 ദശലക്ഷം ആയി കുറയും.
അടുത്ത ഒാരോ മാസങ്ങളിലും യോഗം ചേർന്ന് അപ്പോഴത്തെ വിപണി സാഹചര്യം അനുസരിച്ച് പരമാവധി അഞ്ചുലക്ഷം ബാരൽ വരെ ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം ക്രമേണ കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന യോഗം അംഗരാജ്യങ്ങൾക്കിടയിലെ തർക്കം കാരണം മാറ്റിവെക്കുകയായിരുന്നു. ഉൽപാദന നിയന്ത്രണം അതേപടി തുടരണമെന്നാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളും വാദിക്കുന്നത്.
എന്നാൽ, ഇറാൻ, വെനിസ്വേല തുടങ്ങി ചില രാജ്യങ്ങൾ ഇതിനോട് യോജിക്കുന്നില്ല. അതേസമയം, ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്. തർക്കം തീർക്കാൻ അനൗദ്യോഗികമായ മധ്യസ്ഥ ശ്രമങ്ങളിലൂടെയാണ് അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കാമെന്ന ധാരണ മന്ത്രിതല യോഗത്തിന് മുമ്പ് എത്തിയത്. എണ്ണവില ഇപ്പോൾ ബാരലിന് 47 ഡോളറിന് മേൽ എത്തിയിട്ടുണ്ട്. 60 ഡോളർ എങ്കിലും എത്തണമെന്നാണ് ഒപെക്, നോൺ ഒപെക് രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. അടുത്ത വർഷം ഡിമാൻഡ് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതനുസരിച്ച് വിലയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

