എണ്ണവില 80ന് മുകളിൽ; കുവൈത്തിന് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: പെട്രോളിയം വില ബാരലിന് 80 ഡോളറിന് മുകളിലെത്തിയത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു. ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില രേഖപ്പെടുത്തിയത്. ബ്രെൻറ് ക്രൂഡിന് 81.08 ഡോളറും വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റിന് 79.78 ഡോളറുമാണ് വില. കുവൈത്തിെൻറ ബജറ്റ് കമ്മി ഇല്ലാതാക്കാൻ ഇത് പര്യാപ്തമല്ലെങ്കിലും വില ക്രമേണ വർധിച്ചുവരുന്നത് ആശ്വാസം തന്നെയാണ്. കോവിഡ് പ്രതിസന്ധിയിൽ അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വിലവർധനക്ക് കാരണം.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തികവ്യവസ്ഥ കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു. എണ്ണവില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി. മോർഗൻ എന്നിവ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളംതെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്.

