എണ്ണവില തിരിച്ചുകയറുന്നു; ബാരലിന് 35.34 ഡോളർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമേകി പെട്രോളിയം വില തിരിച്ചുകയറുന്നു. കോവിഡ് പ്രതിസന്ധിയിൽ കൂപ്പുകുത്തിയ വില, വിവിധ രാജ്യങ്ങൾ വിപണി പതിയെ തുറക്കുകയും വ്യവസായ പ്രവർത്തനങ്ങൾ സജീവമായിത്തുടങ്ങുകയും ചെയ്യുന്നതോടെയാണ് ഉയർന്നത്. കുവൈത്ത് പെട്രോളിയത്തിന് കഴിഞ്ഞദിവസം ബാരലിന് 35.34 ഡോളർ വില രേഖപ്പെടുത്തി. താരതമ്യേന വില കൂടുതലുള്ള ബ്രെൻറ് ക്രൂഡോയിലിന് ബാരലിന് 42.30 ഡോളർ വില ലഭിച്ചു. ഏപ്രിലിൽ കുവൈത്ത് പെട്രോളിയം ബാരലിന് 11.86 ഡോളർ വരെ കൂപ്പുകുത്തിയിരുന്നു. ഉൽപാദന ചെലവിനേക്കാൾ താഴെയായിരുന്നു ഇൗ വില. എണ്ണ ഉൽപാദക രാജ്യങ്ങളുടെ ബജറ്റ് തകിടം മറിക്കുന്നതും സാമ്പത്തിക നില തകർക്കുന്നതുമായിരുന്നു ഇൗ നില.
ലോക രാജ്യങ്ങളിൽ പടർന്ന കോവിഡ് -19 ആണ് എണ്ണവില കൂപ്പുകുത്താൻ കാരണം. കോവിഡ് പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തനങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വിലയിൽ പ്രതിഫലിച്ചത്. കുവൈത്ത് സർക്കാർ, മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന് 65 ഡോളർ വിലയുണ്ടായിരുന്നു. കോവിഡ് വൈറസ് അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു.
കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കി വിപണി സജീവമാക്കാൻ ആലോചിക്കുന്നു. ഇത് വരുംമാസങ്ങളിൽ പെട്രോളിയം വില ഉയരാൻ കാരണമാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
