ഒപെക്, നോൺ ഒപെക് എണ്ണ ഉൽപാദന നിയന്ത്രണം ഒഴിവാക്കാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: പെട്രോളിയം ഉൽപാദന നിയന്ത്രണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഒപെക് -നോൺ ഒപെക് രാജ്യങ്ങൾ ആലോചിക്കുന്നു.
2018 അവസാനം വരെ ഉൽപാദന നിയന്ത്രണം തുടരാനാണ് നിലവിലുള്ള ധാരണ. എന്നാൽ, ജൂണിന് മുമ്പ് നിയന്ത്രണം നീക്കുന്നതിനെ കുറിച്ചാണ് ഉന്നതതലത്തിൽ ചർച്ച സജീവമായത്. രണ്ടുമാസം കൂടുേമ്പാൾ ഒപെക്-നോൺ ഒപെക് രാജ്യങ്ങളുടെ സംയുക്ത അവലോകന സമിതി യോഗം ചേരാറുണ്ട്. അടുത്ത യോഗം ജനുവരിയിൽ ഒമാനിൽ നടക്കും. ഇൗ യോഗത്തിൽ ഉൽപാദന നിയന്ത്രണം നീക്കുന്നത് സജീവ ചർച്ചയാവും.
കുവൈത്ത് എണ്ണ മന്ത്രി ഇസ്സാം അൽ മർസൂഖ് റോയിേട്ടഴ്സ് വാർത്താ ഏജൻസിയോട് അറിയിച്ചതാണിത്. ഒറ്റയടിക്ക് നിയന്ത്രണം പൂർണമായും നീക്കുകയില്ല. പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. മൂന്നുമുതൽ ആറുമാസം കാലയളവിനുള്ളിൽ ക്രമമായി കുറച്ചുവരുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്ന് റഷ്യൻ ഉൗർജ മന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു.
വിപണി നിരീക്ഷിച്ചുകൊണ്ട് അവധാനതയോടെ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. മൂന്നു വർഷം കൊണ്ട് ബാരലിന് 58 ഡോളർ വരെ വില എത്തിക്കുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ തന്നെ ബാരലിന് 60 ഡോളറിലെത്തിനിൽക്കുകയാണ്.
ഇൗ സാഹചര്യത്തിൽ നിയന്ത്രണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്നാണ് ചില രാജ്യങ്ങൾ വാദിക്കുന്നത്. 2017 ജനുവരി ഒന്നുമുതലാണ് ഒപെക് രാജ്യങ്ങൾ ഉൽപാദനം വെട്ടിച്ചുരുക്കിയത്. റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് രാജ്യങ്ങളും ഇതിനൊപ്പം ചേർന്നു. പ്രതിദിനം 18 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കുറച്ചത് വിലയിലും പ്രതിഫലിച്ചു. തീരുമാനം വന്നതിന് ശേഷം എണ്ണവിപണിയിൽ കുതിപ്പുണ്ടായി. ക്രൂഡോയിൽ വിലയിൽ ക്രമാനുഗതമായി വർധിച്ചു. ഇതിന് മുമ്പ് 2008ലാണ് ഒപെക് ഉൽപാദനം കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
