ഒ.ഐ.സി.സി പുനഃസംഘടന രണ്ട് മാസത്തിനുള്ളിൽ -അഡ്വ. അബ്ദുൽ മുത്തലിബ്
text_fieldsകെ.പി.സി.സി ജന. സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രണ്ട് മാസത്തിനുള്ളിൽ കുവൈത്തിലെ ഒ.ഐ.സി.സി ജില്ല കമ്മിറ്റികളും നാഷനൽ കമ്മിറ്റിയും പുനഃസംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ്. ഒ.ഐ.സി.സി ഭാരവാഹികളാകുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെ.പി.സി.സിയുടെ നിലപാട് കുവൈത്തിലും പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കും. ലോക കേരളസഭ പൂർണാർഥത്തിൽ പരാജയമാണ്. ലോക കേരള സഭയിൽ ഉയർന്ന ഒരു നിർദേശം പോലും പ്രാവർത്തികമാക്കാൻ പിണറായി സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. കുവൈത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പുനരധിവാസം തുടങ്ങി എല്ലാ വിഷയത്തിലും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തികഞ്ഞ പരാജയമാണ്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫ് അനായാസ വിജയം നേടുമെന്നും അഡ്വ.അബ്ദുൽ മുത്തലിബ് പറഞ്ഞു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, സംഘടന ചുമതലയുള്ള ജന.സെക്രട്ടറി ബി.എസ്. പിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഒ.ഐ.സി.സി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് അഡ്വ.അബ്ദുൽ മുത്തലിബ് കുവൈത്തിൽ എത്തിച്ചേർന്നത്. നാഷനൽ കമ്മിറ്റി, ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

