വർണാഭമായി ഒ.ഐ.സി.സി കുവൈത്ത് ‘ഓണപ്പൊലിമ-2023’
text_fieldsഒ.ഐ.സി.സി കുവൈത്ത് ‘ഓണപ്പൊലിമ-2023’ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വർണാഭമായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഓണപ്പൊലിമ-2023. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷം കാണികൾക്ക് കണ്ണിനും കാതിനും കുളിർമയായി. പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം തൃക്കാക്കര എം.എൽ.എ ഉമ തോമസ് ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ ചടങ്ങിൽ ആദരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത്, എൻ.ബി.ടി.സി ചെയർമാൻ കെ.ജി. എബ്രഹാം, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേത്ത്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി, വൈസ് പ്രസിഡൻറ് ശാമുവേൽ ചാക്കോ കാട്ടൂർകളിക്കൽ, ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര.
ബിനു ചെമ്പാലയം, സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം.എ. നിസാം, റോയ് കൈതവന, ജോയ് കരവാളൂർ, ജോയൻറ് ട്രഷറർ റിഷി ജേക്കബ്, ലേഡീസ് വിങ് ചെയർപേഴ്സൻ ലാൻസി ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫെയർ വിങ് ചെയർമാൻ ആന്റോ വാഴപ്പള്ളി, മീഡിയ വിങ് ചെയർമാൻ ജോർജി ജോർജ് എന്നിവർ സംസാരിച്ചു.
കുവൈത്തിൽ ഒ.ഐ.സി.സി പുതുതായി ആരംഭിച്ച കെയർ ടീമിന്റെ ഉദ്ഘാടനവും ഐഡന്റിറ്റി കാർഡ് വിതരണവും ചടങ്ങിൽ നടന്നു. നാഷനൽ സെക്രട്ടറി റോയ് കൈതവനക്ക് മെമന്റോ സമ്മാനിച്ച് യാത്രയയപ്പ് നൽകി. ലൈബ്രേറിയൻ മാണി ചാക്കോയെ മെമന്റോ നൽകി ആദരിച്ചു.
അത്തപ്പൂക്കള മത്സരത്തിൽ വിജയികളായ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകൾക്കും കൂപ്പൺ വിതരണത്തിലെ വിജയികളായ ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകൾക്കും വ്യക്തിഗത വിജയികളായ സുരേന്ദ്രൻ മുങ്ങത്ത്, കലേഷ് ബി. പിള്ള, വിജോ പി. തോമസ്,നിബു ജേക്കബ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
അക്ബർ വയനാട് സംവിധാനംചെയ്ത ഉമ്മൻ ചാണ്ടി അനുസ്മരണ വിഡിയോ പ്രകാശനവും നടന്നു. ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ലക്ഷ്മി ജയനും അരുൺ ഗോപനും നേതൃത്വം നൽകിയ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നടുവിലെമുറി നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

