കുവൈത്തിൽ പ്രാദേശികമായി നഴ്സിങ് നിയമനം നിർത്തുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ജോലി ചെയ്യുന്നതിന് കുവൈത്തിൽനിന്ന് വിദേശ നഴ്സുമാരെ നിയമിക്കുന്നത് ആരോഗ്യ മന്ത്രാലയം നിർത്തിവെച്ചു. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, കുവൈത്തിൽനിന്ന് നഴ്സിങ് ബിരുദത്തിനുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ വിദേശികളെ ഈ നിയമത്തിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. അത്തരം ബിരുദധാരികളായ വിദേശ നഴ്സുമാരെ പ്രാദേശിക തലത്തിൽ നിയമിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ മേഖലകളിലേക്ക് ആവശ്യമായ വിദേശ നഴ്സുമാരെ രാജ്യത്തിന് പുറത്തുനിന്ന് ഇൻറർവ്യു നടത്തിയ ശേഷം നേരിട്ട് റിക്രൂട്ട് നടത്തുകയാണ് ചെയ്യുക. വിദേശ രാജ്യങ്ങളിൽപോയി ഇൻറർവ്യു നടത്തി നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതുവഴി ഏറ്റവും യോഗ്യരും ഈ മേഖലയിൽ മികച്ച പരിചയവുമുള്ള നഴ്സുമാരെ ലഭ്യമാക്കാനാകുമെന്നാണ് മന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ.
രാജ്യത്ത് നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികൾ പ്രവർത്തന സജ്ജമാകുന്നതോടെ നിരവധി നഴ്സുമാരെ ആവശ്യമായി വരും. കുടുംബ–സന്ദർശക വിസകളിൽ കുവൈത്തിലെത്തി നഴ്സിങ് ജോലിക്ക് അപേക്ഷ നൽകുന്ന വിദേശികൾക്ക് നേരത്തേ നിയമനം നൽകാറുണ്ടായിരുന്നു.
ഈ സൗകര്യമാണ് ഇപ്പോൾ നിർത്തിവെച്ചത്. കുവൈത്തിലെ സർക്കാർ– സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിചെയ്യുന്ന വിദേശ നഴ്സുമാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരും മലയാളികളുമാണ്. ഏതെങ്കിലും മാർഗത്തിൽ കുവൈത്തിലെത്തിയ ശേഷം പിന്നീട് നിയമനത്തിന് പരിശ്രമിക്കുന്നവരായിരുന്നു മലയാളികളിൽ അധികപേരും. അതുകൊണ്ട് തന്നെ പുതിയ ഉത്തരവ് നഴ്സിങ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളികളെയായിരിക്കും കൂടുതൽ ബാധിക്കുക.
സർക്കാർ തീരുമാനം അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ്
നിലക്കാൻ വഴിയൊരുങ്ങുന്നു
കുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെൻറിനായി വിദേശത്ത് നേരിട്ട് ഇൻറർവ്യൂ നടത്താനുള്ള സർക്കാർ തീരുമാനം പ്രാബല്യത്തിലായാൽ അനധികൃത റിക്രൂട്ട്മെൻറ് നിലച്ചേക്കും. രാജ്യത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ജോലി ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയം വിദേശത്ത് നേരിട്ട് ഇൻറർവ്യു നടത്തി ആളെയെടുക്കുമെന്ന റിപ്പോർട്ട് റിക്രൂട്ട്മെൻറ് മാഫിയക്ക് വൻ തിരിച്ചടിയാണ്. അൽ അൻബ ദിനപത്രമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരാളിൽനിന്ന് 20 ലക്ഷം രൂപ വരെ ഇൗടാക്കിയാണ് റിക്രൂട്ട്മെൻറ് മാഫിയ പെരും കൊള്ള നടത്തുന്നത്. കോടികളാണ് ഇതുവഴി മാഫിയയുടെ കൈകളിലെത്തുന്നത്. പുതുതായി മൂന്ന് ആശുപത്രികൾ കൂടി വരുന്നതോടെ കുവൈത്തിൽ നഴ്സുമാരുടെ ധാരാളം ഒഴിവുണ്ടാവും. ഇതിലേക്കാണ് റിക്രൂട്ട്മെൻറ് മാഫിയ കണ്ണെറിയുന്നത്.
കുവൈത്തിലെ 6000 തസ്തികകളിലേക്കെന്നുപറഞ്ഞ് കൊച്ചി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യു നടന്നു. 2000 തസ്തികകളിൽ ഉടൻ നിയമനം ഉണ്ടാവുമെന്നാണ് പറയുന്നത്. കൊച്ചി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യു നടന്നുവരുന്നു. കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് മാർച്ചിൽ ഇൻറർവ്യു നടന്നത്. ഇന്ത്യയിൽനിന്നുള്ള നഴ്സുമാർക്ക് യോഗ്യതയും കാര്യക്ഷമതയും കുറവാണെന്ന് അടുത്തിടെ കുവൈത്ത് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു. പണം മാത്രം മാനദണ്ഡമാക്കി യോഗ്യതയില്ലാത്ത നഴ്സുമാരെ കയറ്റിവിടാൻ തുടങ്ങിയതോടെയാണ് പരാതി ഉയരാൻ തുടങ്ങിയത്. നേരത്തെ, ഇന്ത്യൻ നഴ്സുമാർക്ക് ലോകത്ത് എല്ലായിടത്തും നല്ല മതിപ്പാണുണ്ടായിരുന്നത്.
കുവൈത്തിലെ നഴ്സുമാരിലധികവും ഇന്ത്യക്കാരാണ്. ഇതിൽതന്നെ നല്ലൊരു വിഭാഗം മലയാളികളാണ്. ഇന്ത്യയിൽനിന്നുള്ള നഴ്സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ നേരത്തെ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്മെൻറിനായി കേരള സർക്കാറിെൻറ കീഴിലുള്ള നോർക്ക റൂട്ട്സ്, ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇൗ ഏജൻസികളെ നോക്കുകുത്തിയാക്കിയാണ് റിക്രൂട്ട്മെൻറ് മാഫിയ പരസ്യമായി ഇൻറർവ്യു നടത്തിയിരുന്നത്. നാട്ടിലെ ഇൻറർവ്യുവിന് ശേഷം ദുബൈയിലെത്തിച്ച് അവിടെനിന്നാണ് നഴ്സുമാരെ കുവൈത്തിലേക്ക് കൊണ്ടുവരുന്നത്.
നേരത്തേ ദുബൈയിലും ഇൻറർവ്യു നടക്കുന്നതായി വിവരമുണ്ടായിരുന്നു. കേന്ദ്രസർക്കാറിെൻറ കീഴിലുള്ള ഇ–മൈേഗ്രറ്റ് സംവിധാനം വഴി മാത്രം നഴ്സുമാരെ നിയമിക്കാനായിരുന്നു അധികൃതരുടെ ധാരണ. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിന് സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാർ റിക്രൂട്ടിങ് അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജൻസികളെ ഒഴിവാക്കി പ്രതിവർഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകൾ സംസ്ഥാന സർക്കാർ ഏജൻസികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചിരുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികൾ നേരിട്ടെത്തി ലൈസൻസിങ് ടെസ്റ്റും ഇൻറർവ്യുവും നടത്തി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനെ വെല്ലുവിളിച്ച് വളഞ്ഞ വഴിയിലൂടെ റിക്രൂട്ട്മെൻറ് നടത്തുന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയം നേരിട്ട് ഇൻറർവ്യൂ നടത്തുന്ന രീതി പ്രാബല്യത്തിലായാൽ റിക്രൂട്ട്മെൻറ് മാഫിയ കുഴങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
