ഇനി പുതിയ സർക്കാർ
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം പ്രധാനമന്ത്രിയും മന്ത്രിസഭ അംഗങ്ങളും
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ കീഴിൽ രാജ്യത്ത് പുതിയ സർക്കാർ നിലവിൽ വന്നു. പ്രധാനമന്ത്രിക്ക് പുറമെ നാലു ഉപപ്രധാനമന്ത്രിമാരും ഒരു വനിതയും അടക്കം 15 മന്ത്രിമാർ അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. മുൻ മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാരെയും നിലനിർത്തിക്കൊണ്ട് ആറു പേർ പുതുതായി മന്ത്രിസഭയിൽ എത്തി. കഴിഞ്ഞ മന്ത്രിസഭയിൽ സാമൂഹിക കാര്യമന്ത്രിയും വനിത-ശിശു വികസന സഹമന്ത്രിയുമായിരുന്ന മായി അൽ ബാഗ്ലിക്ക് സ്ഥാനം നഷ്ടമായി.
ഇതോടെ മന്ത്രിസഭയിലെ വനിതകളുടെ എണ്ണം ഒന്ന് ആയി ചുരുങ്ങി. ഡോ. അമാനി ബുക്കാമസ് മാത്രമാണ് പുതിയ മന്ത്രിസഭയിലെ വനിത. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ്, വിദേശകാര്യ മന്ത്രിമാരായ ശൈഖ് സലിം അസ്സബാഹ്, ധനകാര്യ മന്ത്രി മനാഫ് അൽ ഹജേരി, ആരോഗ്യം, ഇൻഫർമേഷൻ, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, പൊതുമരാമത്ത് മന്ത്രിമാർ എന്നിവരും മുൻ മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനം നിലനിർത്തി. സെയിൻ ടെലികോം മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ സാദ് അൽ ബറാക്കിനെ എണ്ണ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു. ആദ്യമായാണ് ഇദ്ദേഹം മന്ത്രിസഭയിലെത്തുന്നത്.
വൈദ്യുതി, ജല മന്ത്രിയായി നിയമിതനായ ഡോ.ജാസിം മുഹമ്മദ് അബ്ദുല്ല അൽ അസ്താദ് പുതുമുഖമാണ്. 2001-2011 കാലയളവിനിടയിൽ മന്ത്രിയായിരുന്ന ശൈഖ് അഹമ്മദ് അൽ ഫഹദ് അസ്സബാഹ് പുതിയ മന്ത്രിസഭയിലൂടെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി.
ശൈഖ് അഹമ്മദ് അൽ ഫഹദ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായി. സാമൂഹികകാര്യ മന്ത്രിയായി ശൈഖ് ഫെറാസ് അസ്സബാഹ്, നീതിന്യായ മന്ത്രിയായി ഫാലെ അബ്ദുല്ല ഈദ് ഫാലിഹ് റഖുബ, മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ ഷുല എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.
ജൂൺ ആറിന് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെയാണ് ഭരണഘടന പ്രകാരം മന്ത്രിസഭ രാജിവെച്ചത്. ദേശീയ അസംബ്ലിയുടെ പതിനേഴാം ടേമിന്റെ ആദ്യ സാധാരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. രാവിലെ 10 ന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സഭയെ അഭിസംബോധന ചെയ്യും.
സമഗ്ര വികസനം ലക്ഷ്യം-പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയും പുതിയ സർക്കാറിലെ അംഗങ്ങളും ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പോരായ്മകൾ പരിഹരിക്കാനും നിയമസംവിധാനം നടപ്പാക്കാനും കുവൈത്ത് ജനതക്കിടയിൽ സാമൂഹിക നീതി കൈവരിക്കാനും പുതിയ സർക്കാറിന് കഴിയട്ടെ എന്ന് കിരീടാവകാശി ആശംസിച്ചു.
താനും മറ്റ് മന്ത്രിമാരും ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും കുവൈത്തിനോടും ജനങ്ങളോടും തികഞ്ഞ വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു.
രാജ്യത്തെ സേവിക്കുന്നതിനും പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഭരണഘടനയിലും നിയമത്തിലും ഉറച്ചുനിൽക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു. ദേശീയ അസംബ്ലിയുമായും എല്ലാ സമൂഹ സംഘടനകളുമായും സർക്കാറിന് ക്രിയാത്മകമായ സഹകരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അടിവരയിട്ടു.
മന്ത്രിമാർ
ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി), അഹ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി), എസ്സ അഹമ്മദ് മുഹമ്മദ് അൽ കന്ദരി (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി), ഡോ. സാദ് ഹമദ് നാസർ അൽ ബറാക്ക് (ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രി), ഫഹദ് അലി സായിദ് അൽ ഷൂല (മുനിസിപ്പൽ കാര്യ സഹമന്ത്രി, വാർത്താവിനിമയ കാര്യ സഹമന്ത്രി), അബ്ദുറഹ്മാൻ ബദാഹ് അബ്ദുറഹ്മാൻ അൽ മുതൈരി(ഇൻഫർമേഷൻ, എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ്), ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം), ഡോ. അമാനി സുലൈമാൻ അബ്ദുൽവഹാബ് ബുക്മാസ് (പൊതുമരാമത്ത്), ഡോ. ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദാനി (വിദ്യാഭ്യാസം), ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് (വിദേശകാര്യം), മുഹമ്മദ് ഉസ്മാൻ അൽ ഐബാൻ (വാണിജ്യ-വ്യവസായം, യുവജനകാര്യ സഹമന്ത്രി), മനാഫ് അബ്ദുൽ അസീസ് അൽ ഹജേരി (ധനകാര്യം), ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ അസ്താദ്(വൈദ്യുതി, ജലം, പുനരുപയോഗ ഊർജം), ഫാലെ അബ്ദുല്ല ഈദ് ഫാലിഹ് റഖുബ(നീതിന്യായം, ഭവനകാര്യം), ഫെറാസ് സൗദ് അൽ മാലിക് അസ്സബാഹ് (സാമൂഹിക, കുടുംബ, ശിശുകാര്യം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

