‘നോര്‍ക്ക കെയര്‍’ നവംബര്‍ ഒന്നു മുതല്‍; സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് ഗുണകരമാകും
text_fieldsകുവൈത്ത് സിറ്റി: നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് ഗുണകരമാകും. ഏറെക്കാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോക കേരളസഭയില്‍ ഉള്‍പ്പെടെ ഈ ആവശ്യം ഉയർന്നിരുന്നു. വിദേശത്തും സ്വദേശത്തും അപകടത്തിൽ മികച്ച ചികിത്സ ആവശ്യമായി വരുന്ന പ്രവാസികൾക്കും പദ്ധതി ഗുണം ചെയ്യും.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് ‘നോര്‍ക്ക കെയര്‍’ എന്ന പേരിലുള്ള പദ്ധതി.
നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് കാഷ് ലെസ് ചികിത്സ പദ്ധതി വഴി ഉറപ്പാക്കുന്നു. ഭാവിയില്‍ ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം.
പോളിസിയുടെ ഭാഗമായ ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവ് ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും തയാറാക്കിയിട്ടുണ്ട്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കാള്‍ സര്‍വിസ്) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

