നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് വിതരണം സജീവം
text_fieldsകുവൈത്ത് സിറ്റി: വിവിധ സംഘടനകൾക്ക് കീഴില്‍ അപേക്ഷ നൽകി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നോർക്ക കാർഡുകൾ അപേക്ഷകർക്ക് ലഭിച്ചുതുടങ്ങി. ഗൾഫ് രാജ്യങ്ങളില്‍നിന്ന് കൂട്ടത്തോടെ വന്ന അപേക്ഷകള്‍ പരിശോധന നടത്തി കാർഡുകൾ പ്രിൻറ് ചെയ്യാന്‍ മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കാരണം മാസങ്ങളോളം വിവിധ നോർക്ക ഓഫിസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടന്ന വാർത്ത മുമ്പ് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസികളുടെ നിരന്തര സമ്മർദം മൂലം കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ കാർഡുകൾ പ്രിൻറ് ചെയ്യാന്‍ നോർക്ക സംവിധാനമുണ്ടാക്കിയതോടെയാണ് കാർഡുകൾ ലഭിച്ചുതുടങ്ങിയത്. നോർക്ക റൂട്സ് വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം ഈയിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ അൽപം സങ്കീർണമായതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ സന്നദ്ധ സംഘടനകളെയാണ് അപേക്ഷ സമർപ്പിക്കാൻ ആശ്രയിച്ചത്. പ്രവാസി സംഘടനകൾ അപേക്ഷ സമർപ്പണത്തിന് ഹെൽപ് ഡെസ്കുകൾ ഏർപ്പെടുത്തിയത് സാധാരണക്കാർക്ക് ഏറെ സഹായകമായി.
വൈകുന്നേരങ്ങളിലും വാരാന്ത്യ അവധിദിവസങ്ങളിലും സംഘടിപ്പിക്കപ്പെട്ട ക്യാമ്പുകളിൽ ആയിരക്കണക്കിന് ആളുകൾ എത്തി. ഇപ്പോൾ കാർഡ് ഏറ്റുവാങ്ങുന്ന ഘട്ടമാണ്. വിവിധ സംഘടനകൾ മുൻകൈ എടുത്ത് നടത്തിവരുന്ന നോർക്ക കാർഡ് വിതരണം വിവിധ ഘട്ടങ്ങളിലായി കുവൈത്തിെൻറ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു. അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഫഹാഹീൽ എന്നീ മേഖലകളിൽ ഇതിനകം രണ്ടായിരത്തോളം കാർഡുകൾ വിതരണം ചെയ്തതായി വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
അപേക്ഷ നൽകുന്ന സമയത്തെ മൊബൈല്‍ നമ്പറുകളില്‍ പലതും മാറിയതിനാല്‍ കാർഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകര്‍ പങ്കുവെക്കുന്നു. വാട്സ്ആപ്പ്, ഇ--മെയില്‍ വഴി സന്ദേശമയച്ചും കാർഡ് വിതരണത്തിെൻറ അറിയിപ്പുകള് മാധ്യമങ്ങൾക്ക് നൽകിയും അപേക്ഷകരെ അറിയിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാർഡുകളും കൈപ്പറ്റാന്‍ അപേക്ഷകര്‍ എത്താത്തത് സംഘാടകരെ കുഴക്കുകയാണ്. വൈകിയാണെങ്കിലും പ്രവാസികൾക്കുള്ള ഔദ്യോഗിക രേഖയായ നോർക്ക തിരിച്ചറിയല്‍ കാർഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അപേക്ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
