ഉച്ചസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ ഉച്ചസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും.
ചൂട് കനത്തതോടെ ജൂൺ ഒന്നു മുതലാണ് ഉച്ചസമയത്ത് പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിർമാണ മേഖലയിലെ ഉൾപ്പെടെ തൊഴിലാളികളെ കനത്ത ചൂടിൽനിന്ന് സംരക്ഷിക്കാനായിരുന്നു നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് ഉച്ചവിശ്രമം.
വ്യാഴാഴ്ചയോടെ നിയന്ത്രണം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി അറിയിച്ചു.
ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലിസമയം. ഇത്തവണ കനത്ത ചൂടാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളില്‍ വരെ ഉയർന്നിരുന്നു.
നിലവില്‍ രാജ്യത്ത് ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. തീരുമാനം നടപ്പാക്കാന്‍ മാൻപവർ അതോറിറ്റിയുമായി സഹകരിച്ചവര്‍ക്ക് അൽ ഒതൈബി നന്ദി രേഖപ്പെടുത്തി. നിർമാണ സൈറ്റുകളിലും മറ്റു ജോലിസ്ഥലങ്ങളിലും ഇതുസംബന്ധിച്ച ബോധവത്കരണം നൽകിയിരുന്നു.
അതേസമയം, നിരോധിത കാലയളവില്‍ നടത്തിയ പരിശോധനയില്‍ 362 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അൽ ഒതൈബി വ്യക്തമാക്കി. രാജ്യത്ത് കനത്ത് ചൂട് നിലനിൽക്കുന്ന ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് എല്ലാ വർഷവും ഉച്ചവിശ്രമ നിയമം പ്രാവർത്തികമാക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ചയോടെ ചൂടുള്ള കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ 40-42 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയുമെന്നുമാണ് കാലാവസ്ഥ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

