രാജ്യത്ത് ഹാന്റവൈറസ് ഭീതിയില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഹാന്റവൈറസുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കുവൈത്ത് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വഴി രാജ്യത്തെ പൊതുജനാരോഗ്യ മേഖല, പകർച്ചവ്യാധി സൂചകങ്ങൾ സൂക്ഷ്മമായി വിലയിരുത്തിവരുന്നു.
ലബോറട്ടറി പരിശോധന ശക്തമാക്കുക, പകർച്ചവ്യാധി അന്വേഷണങ്ങൾ വർധിപ്പിക്കുക, ആരോഗ്യ സംഘങ്ങളുടെ ജാഗ്രത വർധിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ ആരോഗ്യ സംഘടനകളുമായി ഏകോപനം നിലനിർത്തുക എന്നിവയുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ വ്യാപകമായ സമൂഹ വ്യാപനം ഇല്ലാത്തതിനാൽ കുവൈത്തിൽ പകരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. രോഗബാധിതരായ എലികളിൽ നിന്നോ മലിനമായ ചുറ്റുപാടുകളിൽ നിന്നോ ആണ് ഹാന്റവൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതേസമയം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് അപൂർവവും പ്രത്യേക ഇനങ്ങളിൽ മാത്രമാണെന്നും ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി തുടർച്ചയായ നിരീക്ഷണത്തിനും ദ്രുത പ്രതികരണ നടപടികൾക്കും മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് പുറപ്പെട്ട ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധകളെയും മരണങ്ങളെയും തുടർന്നാണ് ലോകത്താകമാനം ഹാന്റവൈറസ് ഭീതി ഉടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

