ഔദ്യോഗിക പരിപാടികളിൽ മറ്റു രാജ്യങ്ങളുടെ ചിഹ്നങ്ങൾ വേണ്ട
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭയോഗം
കുവൈത്ത് സിറ്റി: രാജ്യത്തിനകത്തും പുറത്തും ഔദ്യോഗിക പരിപാടികളിൽ മറ്റു രാജ്യങ്ങളുടെ പതാക ഉയർത്തുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും വിലക്ക്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. രാജ്യത്തിനകത്തും പുറത്തുമുള്ള ഏത് ഔദ്യോഗിക പരിപാടിയിലും കുവൈത്ത് ദേശീയ പതാകയും ദേശീയ ഗാനവും മാത്രമേ ഉപയോഗിക്കാവൂ. രാജ്യത്തെ എല്ലാ സർക്കാർ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണെന്നും ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ ഈ നിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിസഭ വ്യക്തമാക്കി. ദേശീയ പ്രോട്ടോക്കോള്‍ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ നിര്‍ദേശം.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ ചേർന്ന പ്രതിവാര യോഗത്തിൽ നിരവധി കരട് ഡിക്രി-നിയമങ്ങൾ അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറുകയും ചെയ്തു.
ഇസ് ലാമിക പുതുവർഷത്തിന്റെ (ഹിജ്റ) മുന്നോടിയായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്ക് മന്ത്രിസഭ അഭിനന്ദന കേബിൾ അയച്ചതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷാർജി യോഗത്തിന് ശേഷം പറഞ്ഞു. പുതുവത്സര അവധി സംബന്ധിച്ച സിവിൽ സർവിസ് കമീഷന്റെ തീരുമാനവും മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

