വി.എസിന് വിട; അനുശോചിച്ച് പ്രവാസി സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: സി.പി.എം സ്ഥാപകനേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കുവൈത്തിലെ വിവിധ സംഘടനകൾ അനുശോചിച്ചു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരിക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര ശ്രദ്ധ നൽകിയ നേതാവായിരുന്നു വി.എസ് എന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ജനകീയ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും വി.എസ് ഏറ്റെടുത്തതും ചൂണ്ടികാട്ടി.
കല കുവൈത്ത്
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അനുശോചിച്ചു. ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വി.എസിന്റെ നിര്യാണം ഇന്ത്യൻ രാക്ഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടമാണ്. ജനാധിപത്യ ഇന്ത്യയുടെ സമരക്കരുത്തായിരുന്ന വി.എസിന്റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപെടുത്തുന്നതായി കല കുവൈത്ത് ആക്റ്റിങ് പ്രസിഡന്റ് പി.വി.പ്രവീൺ, ആക്റ്റിങ് സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ അറിയിച്ചു.
ഒ.ഐ.സി.സി
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ നിരവധി ജനകീയ വിഷങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതിൽ വി.എസ്. അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ എന്നിവർ പറഞ്ഞു.
കേരള അസോസിയേഷൻ
കേരളത്തിന്റെ വിപ്ലവ ചരിത്രത്തിൽ ജ്വലിച്ചു നിന്ന വി.എസിന്റെ വിടവാങ്ങലിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ഐക്യകേരളം രൂപപ്പെട്ടതിനു മുമ്പ് സ്വേച്ഛാധിപത്യ ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരെ ശക്തമായ പ്രതിഷേധങ്ങൾ അദ്ദേഹം നയിച്ചു. തുടർന്ന് ജനകീയസമരങ്ങളിൽ, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനങ്ങളോടൊപ്പം നിന്ന വി.എസിന്റെ ഇടപെടലുകൾ മറക്കാനാകുന്നതല്ല.
ആലപ്പുഴയിലെ ഒരു സാധാരണ തൊഴിലാളിയായി ആരംഭിച്ച ജീവിതയാത്രയിൽ നിന്ന് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം വരെ ഉയരാൻ അദ്ദേഹത്തെ സഹായിച്ചത് തൊഴിലാളിവർഗവുമായി അദ്ദേഹം പങ്കിട്ട ആത്മബന്ധവും അദ്വിതീയമായ സമരനിശ്ചയവുമാണ്. വി.എസിന്റെ വിയോഗം ഇടതുപക്ഷത്തിനും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയാവബോധത്തിനും നികത്താനാകാത്ത ശൂന്യത സൃഷ്ടിക്കുന്നു.
കെ.ഐ.ജി കുവൈത്ത്
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ കെ.ഐ.ജി കുവൈത്ത് അനുശോചിച്ചു. സമരോത്സുകമായ തൻറെ ജീവിതത്തിലൂടെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഒരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് വി.എസ്. വിടവാങ്ങിയിരിക്കുന്നത്. ഈ ശോകവേളയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ കെ.ഐ.ജിയും പങ്ക് ചേരുന്നു.
പ്രവാസി വെൽഫെയർ
ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളിലൂടെ കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പൊതുജന സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞ രാഷ്ട്രീയനേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ. കേരളത്തിന്റെ ഭാവി മുന്നിൽ കണ്ട് നിരവധി പരിസ്ഥിതി സമരങ്ങൾക്ക് നേതൃത്വം നൽകിയ വി.എസ് അച്യുതാനന്ദൻ ജനകീയനായ നേതാവായിരുന്നു. ഭരണകൂടത്തിന്റെ കോർപറേറ്റ് ചങ്ങാത്തത്തിനെതിരെ തിരുത്തൽ ശക്തിയായി അദ്ദേഹം നിലകൊണ്ടു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൂടിയായിരുന്നു അദ്ദേഹം.
പി.സി.എഫ്
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു അദ്ദേഹം. തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വി.എസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നതെന്നും പി.സി.എഫ് കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു
കെ.കെ.എം.എ
വർഷങ്ങളുടെ ജീവിത സമരത്തിലൂടെ ആർജിച്ചെടുത്ത രാഷ്ട്രീയ ധീരത മുഖമുദ്രയാക്കി സാധാരണക്കാരായ മനുഷ്യരോടൊപ്പം നടന്നു നീങ്ങിയ നേതാവായിരുന്നു വി.എസ്. മുൻ മുഖ്യമന്ത്രിയും സി.പി.എം തോവുമായ വി.എസിന്റെ വിയോഗത്തിൽ കെ.കെ.എം.എ അനുശോചനം രേഖപ്പെടുത്തുന്നു
കെ.എം.പി.ആർ.എ
വിയോഗത്തിൽ കുവൈത്ത് മൊബൈൽ ഫോൺ റീട്ടെലേഴ്സ് അസോസിയേഷൻ (കെ.എം.പി.ആർ.എ) അനുശോചിച്ചു. അഴിമതി രഹിതനായ ഭരണാധികാരിയായിരുന്നു വി.എസ് എന്ന പ്രസിഡന്റ് സുഹൈൽ അബൂബക്കർ, സെക്രട്ടറി സമീർ പ്ലാസ, ട്രഷറർ ഉമ്മർ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.
കെ.കെ.പി.എ
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര ചാർത്തി, സാധാരണക്കാരുടെ ശബ്ദമായി, ശക്തമായി പോരാടിയ ധീരനായ നേതാവായിരുന്നു വി.എസ്.അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) പങ്കുചേരുന്നു.
ഐ.എം.സി.സി
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രി മാരിൽ ഒരാളും ജനകീയനായ പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അടിസ്ഥാന വർഗത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്. കർഷകരെ ചൂഷണം ചെയ്തിരുന്ന ജന്മിമാർക്കെതിരെ സമരം നയിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന വി.എസിന്റെ നിര്യാണം ഇന്ത്യൻ തൊഴിലാളി വർഗത്തിന് തീരാ നഷ്ടമാണെന്ന് ഐ.എം.സി.സി ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ,ശരീഫ് താമരശ്ശേരി, എ.ആർ. അബൂബക്കർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

