ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ ഇനി പിഴയില്ല
text_fieldsകുവൈത്ത് സിറ്റി: ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയോ ഫീസ് നിരക്കോ ഈടാക്കുന്നത് വിലക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. 100 ദീനാറിൽ താഴെ ബാലൻസുള്ള നിഷ്ക്രിയ അക്കൗണ്ടിൽനിന്ന് ചില ബാങ്കുകൾ പ്രതിമാസം രണ്ട് ദീനാർ പിഴയും ഉപഭോക്തൃ േഡറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് അഞ്ച് ദീനാർ ഫീസും ചില ബാങ്കുകൾ ഈടാക്കിയിരുന്നത് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് ബാലൻസ് വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതിന് 12 ദീനാർ ഫീസ് ഇടാക്കിയിരുന്നതും നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ശമ്പള അക്കൗണ്ടുകൾക്ക് മാത്രമാണ് മിനിമം ബാലൻസിൽ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ, ഇനി സജീവമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾക്കും മൈനർ അക്കൗണ്ടുകൾക്കും പ്രൈസ് മണി അക്കൗണ്ടുകൾക്കും ശമ്പളയിതര അക്കൗണ്ടുകൾക്കുമെല്ലാം സെൻട്രൽ ബാങ്ക് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
മിനിമം ബാലൻസ് നിബന്ധന കുറഞ്ഞ വരുമാനക്കാരായ വിദേശികളെ ഉൾപ്പെടെ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. മിക്കവാറും ബാങ്കുകളിൽ മിനിമം ബാലൻസ് 100 ദീനാറാണെങ്കിൽ ചിലതിൽ 200 ദീനാറാണ്. താഴ്ന്ന വരുമാനക്കാർക്ക് ഇത് വലിയ തുകയാണ്. കുട്ടികൾക്കായി സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിൽനിന്ന് ആളുകൾ പിൻവലിയാനും മിനിമം ബാലൻസ് ആവശ്യകത കാരണമായിട്ടുണ്ട്.
അക്കൗണ്ട് ഉടമകൾ വിദേശത്തായിരിക്കുക, മിനിമം ബാലൻസ് ഉറപ്പുവരുത്താൻ മറന്നുപോവുക, അശ്രദ്ധ, ദീർഘകാല നിഷ്ക്രിയത്വം തുടങ്ങിയ സാഹചര്യങ്ങളിൽ അക്കൗണ്ടിലുള്ള പണം പിഴ രൂപത്തിൽ കുറഞ്ഞുവന്ന് ഒന്നുമില്ലാതായ സാഹചര്യവുമുണ്ട്. പരമാവധി ആളുകളെ ബാങ്കിങ് വ്യവസ്ഥയിലേക്ക് അടുപ്പിക്കുകയും സാമ്പത്തിക പ്രവർത്തനത്തിൽ ഉൾച്ചേർക്കുകയുമാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

