വിമാനമെത്തിയിട്ടും ലഗേജില്ല; എയർ ഇന്ത്യ എക്സ്പ്രസിലെ ഒരു ദുരിതകഥ
text_fieldsകുവൈത്ത് സിറ്റി: വിമാനം വൈകലും റദ്ദാക്കലും പ്രവാസികൾക്ക് പുതുമയുള്ളൊരു കാര്യമല്ല. എന്നാൽ വിമാനം എത്തിയിട്ടും ലഗേജ് എത്താതിരുന്നാലോ.. അതുണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതായിരിക്കില്ല. കുവൈത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വഴി വ്യാഴാഴ്ച കോഴിക്കോട്ടേക്ക് തിരിച്ച ഭൂരിപക്ഷം യാത്രക്കാർക്കും അന്ന് ലഗേജുകൾ കിട്ടിയില്ല.
കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനായി തിരിച്ച കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞന് ഇതുവഴി സംഭവിച്ചത് വലിയ നഷ്ടം. കേരള സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും കണ്ണൂരിലെ ഗവൺമെന്റ് എൻജിനീയറിങ് കോളജും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രഭാഷണം നടത്താനായാണ് ജൂൺ 26ന് ഇദ്ദേഹം കുവൈത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വഴി കോഴിക്കോട്ടേക്ക് യാത്രചെയ്തത്. 27ന് രാവിലെയായിരുന്നു പരിപാടി.
യാത്ര പുറപ്പെടുന്നതിനായി കുവൈത്ത് വിമാനത്താവളത്തിൽ നിൽക്കവെ കുറച്ച് ദിവസങ്ങളായി ചെക്ക്ഡ് ലഗേജുകളുടെ വലിയൊരു ഭാഗം വിമാനങ്ങളിൽ എത്തുന്നില്ലെന്ന് സഹയാത്രികൻ ഇദ്ദേഹത്തെ അറിയിച്ചു. തുടർന്ന് എയർ ഇന്ത്യ ജീവനക്കാരെ സമീപിച്ച് തിരക്കേറിയ ഷെഡ്യൂളും പ്രഭാഷണത്തിനുള്ള കാര്യങ്ങളും വസ്ത്രങ്ങളും മറ്റും ലഗേജിലാണെന്നും വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും അവ കൃത്യമായി നാട്ടിൽ എത്തുമെന്നായിരുന്നു മറുപടി.
രണ്ടാംനാൾ ലഗേജ് എത്തി
കോഴിക്കോട് വിമാനമിറങ്ങിയപ്പോൾ ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. അദ്ദേഹത്തിന്റെത് ഉൾപ്പെടെ 70 ശതമാനം ലഗേജുകളും എത്തിയിട്ടില്ല. പിറ്റേദിവസം പ്രഭാഷണം ഉള്ളതാണ്. വസ്ത്രവും കുറിപ്പുകളും പുസ്തകങ്ങളും എല്ലാം ലഗേജ് ബാഗിലും. ഇതോടെ രാത്രി 11 മണിക്ക് കോഴിക്കോട്ടെ ഒരു മാളിൽനിന്ന് വസ്ത്രങ്ങളും ഷൂസും വാങ്ങേണ്ടിവന്നു. പ്രസംഗത്തിനുള്ള ചില നിർണായക വസ്തുക്കൾ അപ്പോഴും ലഭ്യമല്ലായിരുന്നു. അത് പ്രഭാഷണത്തെയും ബാധിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് ലഗേജ് താമസസ്ഥലത്തെത്തിയപ്പോഴേക്കും അത്യാവശ്യം കഴിഞ്ഞിരുന്നു. മടക്കയാത്രയിൽ ഹാൻഡ് ബാഗേജ് അനുവദനീയമായതിലും കുറച്ചു ഭാരം കൂടിയതിനാൽ കോഴിക്കോടുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കുകയും കൗണ്ടറിന് മുന്നിൽവെച്ച് വീണ്ടും പാക്ക് ചെയ്യാൻ നിർബന്ധിതനായതുമായ ദുരനുഭവം യാത്രക്കാരൻ പങ്കുവെച്ചു. യാത്രക്കിടെ സംഭവിച്ച നഷ്ടങ്ങളിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

