റെസിഡൻസി ഫീസിൽ ഇളവില്ല; പ്രചാരണം തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പുതിയ റെസിഡൻസി നിയമത്തിന്റെ ഭാഗമായി നിശ്ചയിച്ച റെസിഡൻസി ഫീസിൽ കുറവ് വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ഔദ്യോഗിക തീരുമാനത്തിന്റെയോ പ്രസ്താവനയുടെയോ അടിസ്ഥാനത്തിലല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
താമസ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നും നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നിശ്ചിത താമസ ഫീസ് ഈടാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. താമസ ഫീസുകളിൽ നിന്ന് യാതൊരു ഇളവും ഇല്ലെന്നും വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനപ്രകാരം ആരോഗ്യ ഇൻഷുറൻസ് ഫീസുകൾക്ക് മാത്രമേ ഇളവ് ബാധകമാകൂ. കുവൈത്ത് കുടുംബങ്ങളിലെ ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികളെ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും മറ്റ് ഫീസുകളൊന്നും ഇതിൽ ഉൾപ്പെടുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും പങ്കിടുന്നതിലും കൃത്യത പുലർത്താനും ഔദ്യോഗികവും അംഗീകൃതവുമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.പ്രവാസികളുടെ പ്രവേശന അനുമതികൾ, കുടുംബ, വാണിജ്യ സന്ദർശന വിസകൾ, സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമുള്ള താമസ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഡിസംബർ 23ന് ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ചിരുന്നു.
എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 കുവൈത്ത് ദീനാർ ഫീസ് ചുമത്തുന്നതടക്കമുള്ള നടപടികൾ ഇതിൽ വിപുലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

