കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വിമാനയാത്ര വിലക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഹമദ് അൽ മതർ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ വിസ അനുവദിക്കുന്നതിനും പ്രവേശനം അനുവദിക്കുന്നതിനും കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നതിന് കുവൈത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കുവൈത്ത് ഇതുവരെ കുത്തിവെപ്പെടുക്കാത്തവർക്കെതിരെ നടപടിയെടുക്കാനോ യാത്രാവിലക്ക് ഏർപ്പെടുത്താനോ തീരുമാനിച്ചിട്ടില്ല.
അതേസമയം, ആഗോളതലത്തിലും കുവൈത്തിലും സാഹചര്യങ്ങൾ മാറുന്നതിനുസരിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. ഇതുവരെ അത്തരം തീരുമാനങ്ങളൊന്നുമില്ലെന്ന് പറയാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. പതിനായിരക്കണക്കിനാളുകൾ കുവൈത്തിൽ കുത്തിവെപ്പെടുക്കാൻ തയാറാകാതെയുമുണ്ട്. ചില പ്രാദേശിക മാധ്യമങ്ങൾ നടത്തിയ സർവേയും സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പെടുത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളുമാണ് ചിലരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹും മറ്റു ഉന്നതരും ആദ്യമേ കുത്തിവെപ്പെടുക്കുകയും അധികൃതർ വ്യാപക ബോധവത്കരണവും പ്രചാരണവും നൽകിയിട്ടും ഒരു വിഭാഗം മാറിനിൽക്കുന്നു. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ വാക്സിൻ ആയതിനാലാണ് എല്ലാവരെയും നിർബന്ധിക്കാത്തത്. ഭൂരിഭാഗം ആളുകൾ വിട്ടുനിൽക്കുേമ്പാൾ വാക്സിനേഷൻ ഫലപ്രദമാവില്ലെന്നും വിലയിരുത്തലുണ്ട്. കുവൈത്തിൽ ഇതുവരെ കുത്തിവെപ്പെടുത്തവർക്ക് ഗുരുതര പാർശ്വഫലങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല.