പള്ളികളിൽ ഖിയാമുല്ലൈൽ പ്രാർഥന ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ കുവൈത്തിലെ പള്ളികളിൽ ഖിയാമുല്ലൈൽ പ്രാർഥന (രാത്രി നമസ്കാരം) ആരംഭിച്ചു. രാജ്യത്തെ മിക്ക മസ്ജിദുകളിലും നൂറുകണക്കിന് വിശ്വാസികൾ പാതിരാ നമസ്കാരത്തിന് അണിനിരന്നു. പള്ളികളിൽ എത്തുന്ന വിശ്വാസികൾക്കായി ഔഖാഫ് മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. പൊലീസ്, അഗ്നിശമന വിഭാഗം, എമർജൻസി മെഡിക്കൽ വിഭാഗം എന്നിവക്ക് പുറമെ നിരവധി സന്നദ്ധപ്രവർത്തകരും പള്ളികളിലെത്തുന്നവർക്ക് സഹായത്തിനായി നിലകൊണ്ടു.
പള്ളിയിൽ എത്തുന്നവർക്കായി ഔഖാഫ് മന്ത്രാലയം വെള്ളവും ജ്യൂസും ഒരുക്കിയിരുന്നു. രാത്രി 12നാണ് മിക്ക പള്ളികളിലും ഖിയാമുല്ലൈൽ പ്രാർഥന ആരംഭിച്ചത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും രാജ്യത്ത് ഖിയാമുല്ലൈൽ നമസ്കാരങ്ങൾ ഉണ്ടായിരുന്നില്ല. പ്രധാന പള്ളികളും പ്രശസ്ത ഖുർആൻ പാരായണ വിദഗ്ധർ നമസ്കാരത്തിന് നേതൃത്വം നൽകുന്ന പള്ളികളും തേടിപ്പിടിച്ച് പോകുന്ന വിശ്വാസികളും ഏറെയാണ്.
ലോക പ്രശസ്ത ഖുർആൻ പാരായണ വിദഗ്ധൻ മിശാരി റാഷിദ് അൽ അഫാസി നേതൃത്വം നൽകുന്ന അദലിയ മസ്ജിദ് ഇത്തരത്തിലൊന്നാണ്. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ ഇത്തവണ ഖിയാമുല്ലൈൽ നമസ്കാരമില്ല. പ്രധാന ഹാളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഹവല്ലി ഗവർണറേറ്റിലെ സിദ്ദീഖ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദ് ബിലാൽ ബിൻ റബാഹ് ആണ് മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. കുവൈത്ത് ടി.വിയിൽ സംപ്രേഷണം ചെയ്യുന്നത് ഇവിടുത്തെ നമസ്കാരമാണ്.
സുരക്ഷ ക്രമീകരണം ശക്തമാക്കി
കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളും ട്രാഫിക് ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.പള്ളികൾ, പൊതുമാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഭിക്ഷാടനം ഉൾപ്പെടെയുള്ള നിയമ വിരുദ്ധപ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കും.ഖിയാമുല്ലൈൽ പ്രാർഥനക്കായുള്ള വിശ്വാസികളുടെ യാത്ര സുഗമമാക്കാൻ ട്രാഫിക് പൊലീസുമായി സഹകരിക്കണമെന്നും പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ സർവിസ് വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കരുതെന്നും മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ-കന്ദരി അഭ്യർഥിച്ചു.
പള്ളികളിലായിരിക്കുമ്പോഴോ ഷോപ്പിങ് നടത്തുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

