അടുത്ത അറേബ്യൻ ഗൾഫ് കപ്പ് കുവൈത്തിൽ
text_fieldsജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയം
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ് കുവൈത്തിലേക്ക് തിരിച്ചെത്തുന്നു. 2024 ലെ ചാമ്പ്യൻഷിപ് കുവൈത്തിൽ നടക്കുമെന്ന് ഗൾഫ് കപ്പ് ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി അറിയിച്ചു. 2024 ഡിസംബറിലാകും ചാമ്പ്യൻഷിപ് നടക്കുക. 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ആതിഥ്യമരുളുന്നതോടെ അഞ്ചു തവണ മത്സരങ്ങൾ നടന്ന ഇടമായി കുവൈത്ത് മാറും. 1974, 1990, 2003-2004, 2017-2018 വർഷങ്ങളിലാണ് നേരത്തേ കുവൈത്ത് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയത്.
ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയം, സുലൈബിക്കാത്ത് സ്റ്റേഡിയം, ഫഹാഹീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക എന്നാണ് സൂചന. ജാബിർ സ്റ്റേഡിയത്തിൽ 60,000, സുലൈബിക്കാത്ത് സ്റ്റേഡിയത്തിൽ 15,000, ഫഹാഹീൽ സ്റ്റേഡിയത്തിൽ 14,000 എന്നിങ്ങനെ കാണികളെ ഉൾക്കൊള്ളാനാകും. അതേസമയം, കൂടുതൽ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്നും പഴയവ നവീകരിക്കുമെന്നും അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഇവ ചാമ്പ്യൻഷിപ്പിനുമുമ്പ് പൂർത്തീകരിക്കുമോ എന്ന് വ്യക്തമല്ല.
അതിനിടെ, ഇറാഖിൽ നടക്കുന്ന ചാമ്പ്യൻഷിപ് കാണാൻ 17 ദിവസത്തിനുള്ളിൽ 25,000 പേർ കുവൈത്ത് അതിർത്തി കടന്നതായി അധികൃതർ അറിയിച്ചു. ചാമ്പ്യൻഷിപ് കാണുന്നതിനായി ഇറാഖിലേക്കുള്ള വിസ നിയന്ത്രണങ്ങൾ കുവൈത്ത് പൗരന്മാർക്ക് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

