മുൻകൂർ സുരക്ഷാ അനുമതി നിർബന്ധം; പുതുവത്സര വെടിക്കെട്ട് പരിപാടികള്‍ റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പരിപാടികള്‍ റദ്ദാക്കി. ഇതിനുപിറകെ പുതുവർഷപ്പിറവിയുടെ ഭാഗമായി ബുധനാഴ്ച നടത്താനിരുന്ന വെടിക്കെട്ടുകൾ ഒഴിവാക്കിയതായി വിവിധ സ്ഥാപനങ്ങൾ അറിയിച്ചു.
സംഘാടകരുടെ നിയമലംഘനങ്ങളാണ് റദ്ദാക്കലിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ സുരക്ഷാ അനുമതികള്‍ നേടാത്തതും അനുയോജ്യമല്ലാത്ത സംഭരണകേന്ദ്രങ്ങള്‍ ഉപയോഗിച്ചതും പടക്കങ്ങളുമായി ബന്ധപ്പെട്ട അംഗീകൃത നടപടിക്രമങ്ങള്‍ പാലിക്കാത്തതുമാണ് നടപടിക്ക് കാരണം.
ഇവ ജീവനും സ്വത്തിനും അപകടസാധ്യത ഉണ്ടാക്കുമെന്ന നിഗമനത്തിലാണ് നടപടി. മുൻകൂർ സുരക്ഷാ അനുമതിയില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് പടക്കങ്ങൾ ഇറക്കുമതി ചെയ്യുകയോ സൂക്ഷിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. എല്ലാവരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണന. സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ നിർദേശങ്ങളും തീരുമാനങ്ങളും പൂർണമായി പാലിക്കണമെന്നും സുരക്ഷാ അധികാരികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, പുതുവർഷത്തിൽ പരിധിവിട്ടുള്ള ആഘോഷ പരിപാടികളും നിയമലംഘനങ്ങളും ഒഴിവാക്കുന്നതിനായി രാജ്യത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാണ്. ഗുരുതര നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സുരക്ഷ ലംഘനങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പരായ 112 ൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

