സ്വകാര്യ നഴ്സറികൾക്ക് പുതിയ വ്യവസ്ഥകൾ
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ നഴ്സറി സ്കൂളുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, സേവനങ്ങൾ, അനുവദനീയവും നിരോധിതവുമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നവയാണ് നിർദേശങ്ങൾ. വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ -സാമൂഹിക വികസന മന്ത്രിയുമായ ഫഹദ് അൽ ശരിയാനാണ് ഇതുസംബന്ധിച്ച മന്ത്രിതല പ്രമേയം പുറത്തിറക്കിയത്. നഴ്സറി ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ കുവൈത്ത് പൗരൻ ആയിരിക്കണം. ഡിപ്ലോമ അല്ലെങ്കിൽ യൂനിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുത് എന്നീ നിബന്ധനകളുണ്ട്. പ്രത്യേക സമിതിയുടെ പരിശോധനക്കു ശേഷമാകും അപേക്ഷയിൽ തീരുമാനമെടുക്കുക.
ഏകോപിപ്പിച്ച ഫീസും ഇതിന്റെ ഭാഗമായി മന്ത്രാലയം നഴ്സറികൾക്ക് നിശ്ചയിച്ചു. ഒരു അധ്യയന വർഷത്തിൽ മൊത്തം ഫീസ് ഒരു കുട്ടിക്ക് 1800 ദീനാർ കവിയാൻ പാടില്ല. പ്രതിമാസ ഫീസ് 200 ദീനാറിൽ കൂടാനും പാടില്ല. നഴ്സറിയിൽ ജോലി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റിവ്, സൂപ്പർവൈസറി സ്റ്റാഫുകൾ സ്ത്രീകൾ മാത്രമായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നഴ്‌സറിയുടെ ഡയറക്‌ടർ യൂനിവേഴ്‌സിറ്റി ബിരുദധാരിയോ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡിപ്ലോമക്കാരനോ ആയിരിക്കണമെന്നും നിയമമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

