കുവൈത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsഖൈറാൻ ഔട്ട്ലറ്റ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് തംദീൻ ഗ്രൂപ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ് അൽ മർസൂഖ് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സമീപം
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ് കുവൈത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഖൈറാൻ ഔട്ട്ലറ്റ് മാളിലെ ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ തംദീൻ ഗ്രൂപ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ് അൽ മർസൂഖ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 35,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷ്യ- ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ -സൗന്ദര്യവർധക ഉൽപന്നങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖലയും ഉണ്ട്. കുവൈത്തിലെ ലുലുവിന്റെ പന്ത്രണ്ടാമത്തെ ഹൈപ്പർമാർക്കറ്റാണിത്. സൗകര്യപ്രദമായ ഷോപ്പിങ് അനുഭവത്തിനായി സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ഫ്രഷ് ജ്യൂസ് സ്റ്റേഷൻ എന്നിവ സ്റ്റോറിന്റെ ഹൈലൈറ്റുകളിൽപെട്ടതാണ്. വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സീസണൽ ഉൽപന്നങ്ങൾ, ഔട്ട്ഡോർ അവശ്യവസ്തുക്കൾ എന്നിവയുടെ വിപുലമായ ശ്രേണിയും ഇവിടെയുണ്ട്.
30 ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഖൈറാൻ ഔട്ട്ലറ്റ് മാൾ, കുവൈത്തിലെ ആദ്യത്തെ ഹൈബ്രിഡ് മാളുകളിൽ ഒന്നാണ്. അതുല്യമായ ഷോപ്പിങ്, വിനോദ അനുഭവം മാൾ പ്രദാനം ചെയ്യുന്നു. 3,700 കാറുകൾ പാർക്ക് ചെയ്യാൻ മാളിൽ സൗകര്യമുണ്ട്. വിനോദസഞ്ചാരികൾക്ക് ആകർഷകമായ അത്യാധുനിക മറീനയും മാളിനോടനുബന്ധിച്ചുണ്ട്.
കുവൈത്തിൽ ആറു പുതിയ ഹൈപ്പർ മാർക്കറ്റുകൾകൂടി തുറക്കുമെന്ന് എം.എ. യൂസുഫലി പറഞ്ഞു. ഈ വർഷാവസാനത്തോടെ മൂന്നെണ്ണവും അടുത്ത വർഷം മൂന്ന് ഹൈപ്പർമാർക്കറ്റുകളും തുറക്കും. കുവൈത്തിലെ ഗ്രൂപ്പിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുവൈത്ത് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതോടെ കൂടുതൽ മലയാളികൾക്ക് ജോലി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജനൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

