പുതിയ നിയമം ഒരുങ്ങുന്നു; മയക്കുമരുന്ന് ഇടപാടുകാർക്ക് വധശിക്ഷ
text_fieldsശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ലഹരി ഇടപാടിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്. മയക്കുമരുന്ന് ഇടപാടുകാർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ഏർപ്പെടുത്തും. ഇതിനായുള്ള നിയമം സർക്കാർ തയാറായിവരുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് പറഞ്ഞു.
പുതിയ നിയമം സാമൂഹിക സുരക്ഷയും പൊതുജന സുരക്ഷയും വർധിപ്പിക്കും. മയക്കുമരുന്ന് വ്യാപാരികൾ, ലഹരി കടത്ത്, ഉപയോഗം എന്നിവക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്.
സുരക്ഷ പരിശോധനയുടെ ഫലമായി ഈ വർഷം രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് 90 ശതമാനം കുറഞ്ഞു.മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിലും മയക്കുമരുന്ന് വ്യാപാര ശൃംഖലകൾ തകർക്കുന്നതിലും ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ശ്രമങ്ങൾക്ക് ശൈഖ് ഫഹദ് നന്ദി പറഞ്ഞു.
മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിന് ആഭ്യന്തര മന്ത്രാലയത്തിന് രണ്ട് അറബ് അവാർഡുകൾ ലഭിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മയക്കുമരുന്നിനെതിരെ പോരാടുന്നതിലും ഇരകളെ പുനരധിവസിപ്പിക്കുന്നതിലും കുവൈത്ത് കൈവരിച്ച നേട്ടങ്ങളും സൂചിപ്പിച്ചു. രാജ്യ സുരക്ഷയുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

